മാരാമൺ കൺവൻഷന്റെ 130-ാമത് യോഗം ഇന്ന് മുതൽ 16 വരെ മാരാമൺ മണൽപുറത്തെ പന്തലിൽ നടക്കും. ഇന്ന് 2.30 ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും.

മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ.ഡോ.ജെറി പിള്ളൈ (സ്വിറ്റ്സർലാൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരാണ്.തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിലും നടക്കും. ദിവസവും പൊതുയോഗം 9.30ന്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30ന് കുടുംബവേദി യോഗങ്ങൾ. 12ന് 9.30ന് എക്യുമെനിക്കൽ സമ്മേളനം.
ദിവസവും സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4ന് യുവവേദി യോഗങ്ങൾ. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ 9 വരെ ഹിന്ദി ആൻഡ് മറാഠി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകൾ നടക്കും.16ന് 7.30 ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ കുർബാനയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകും 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.