പത്തനംതിട്ട : പുതുതായി നിർമിച്ച വനിതാ പോലീസ് സ്റ്റേഷന്റെയും , ജില്ലാ പോലീസ് കണ്ട്രോൾ റൂമിന്റെയും ഉത്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫെറെൻസിങ്ങിലൂടെയാവും ഉത്ഘാടനം നടക്കുന്നത്. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ഇരു കെട്ടിടങ്ങളുടെയും നിർമാണചുമതല. 2022 ലാണ് നിർമാണം തുടങ്ങിയത്. ജില്ലയിലെ ഏക വനിതാ പോലീസ് സ്റ്റേഷന്റെ അധികാരപരിധി ജില്ലമുഴുവനുമാണ്. 2020 ൽ രൂപീകൃതമായതുമുതൽ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചുവന്നത്. പ്രത്യേക ലോക്ക് അപ്പ് ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ പരാതികൾ, സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയവ വേഗത്തിൽ കൈകാര്യം ചെയ്യാനും പരിഹാരം കാണാനും സാധിക്കും.
ജില്ലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും അതിവേഗം നീതിയും സുരക്ഷയും ഉറപ്പാക്കുക ലക്ഷ്യമാക്കി നിർമ്മിക്കപ്പെട്ട വനിതാ പോലീസ് സ്റ്റേഷനും, ജില്ലയിലെ പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്ദേശിച്ച് ഒരുക്കിയ ജില്ലാ പോലീസ് കണ്ട്രോൾ റൂമും ഉത്ഘാടനം ചെയ്യപ്പെടുന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയാവും. എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ സ്വാഗതം ആശംസിക്കും. എം എൽ എ മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, മുനിസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ, അഡിഷണൽ എസ് പി ആർ ബിനു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ കൃതജ്ഞതയർപ്പിക്കും.
Home വനിതാ പോലീസ് സ്റ്റേഷൻ, ജില്ലാ പോലീസ് കണ്ട്രോൾ റൂം ഉത്ഘാടനം നാളെ