കോന്നി മെഡിക്കല്‍ കോളജില്‍ ‘ലക്ഷ്യ’ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ മാതൃശിശുസംരക്ഷണവിഭാഗം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ, വനിതാ-ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഒ. പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മികച്ച പരിചരണം മെഡിക്കല്‍ കോളജില്‍ സാധ്യമാകും. ആരോഗ്യമേഖലയില്‍ ആധുനികസൗകര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് വിജയകരമായി തുടരുന്നു . അഞ്ചുലക്ഷത്തോളം പേര് ഇതുവരെ കാമ്പയിനില്‍ പങ്കാളികളായി.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് ആയിരുന്നു വള്ളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ ചുമതല. അവശ്യഫര്ണിച്ചറുകള് ഉള്‍പ്പെടെയാണ് ആശുപത്രി ക്രമീകരിച്ചിരിക്കുന്നത്. 3660 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് കെട്ടിടം. ഫ്രണ്ട് ഓഫീസ്, രണ്ട് ഒ. പി കൗണ്ടര്‍, പ്രീ ചെക്ക് റൂം, സെര്‍വര്‍ റൂം, ബ്ലഡ് കളക്ഷന്‍ ഏരിയ, ഫാര്‍മസി , ലാബ്, ഡ്രസ്സിങ് ഏരിയ, നഴ്സിംഗ് സ്റ്റേഷന്, ഒബ്സെര്വഷന് റൂം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ധനകാര്യ കമ്മിഷന് ഗ്രാന്റ് 27 ലക്ഷം രൂപ
വിനിയോഗിച്ച് പൊതുജനാരോഗ്യബ്ലോക്ക് ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 1.13 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
കേരളഗ്രാമീണ്‍ ബാങ്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് കുടുംബരോഗ്യകേന്ദ്രത്തിലേക്ക് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ടുള്ള രേഖ റീജനല്‍ മാനേജര്‍ സി ഉണ്ണികൃഷ്ണന് മന്ത്രിയ്ക്ക് കൈമാറി.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന്, വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, , ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി , ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു