പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ പരിപാടിയായ പഠനോത്സവത്തിൻ്റെ പ്രചാരണ പരിപാടികൾക്ക് സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ സിയുടെ നേതൃത്വത്തിൽ തുടക്കമായി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് കൂടിയാണ് പഠനോത്സവം നടത്തുന്നത്. പഴവങ്ങാടി ഗവ. യു.പി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഇട്ടിയപ്പാറ ബസ്സ്റ്റാൻ്റിലും പരിസര പ്രദേശങ്ങളിലുംപഠനോത്സവം പ്രചാരണ പരിപാടികൾ നടത്തിയത്. ബി.പി.സി ഷാജി എ. സലാം, പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രാധ്യാപിക എഫ്. അജിനി, വിദ്യാർത്ഥികളായ നിവേദിത എം., ഡെൽന അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലാസ്സ് റൂം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങളുമായാണ് കുട്ടികൾ പൊതുജനങ്ങൾക്കിടയിൽ എത്തിയത്. മാർച്ച് 13 ന് തങ്ങളുടെ സ്കൂളിൽ നടക്കുന്ന പഠനോത്സവത്തിലേക്ക് എല്ലാവരേയും കുട്ടികൾ പ്രത്യേകം ക്ഷണിച്ചു. പഠനോത്സവ സന്ദേശം പതിച്ച് പ്രത്യേകം തയ്യാറാക്കിയ ഐ ഷേഡുകൾ ധരിച്ചാണ് കുട്ടികളും അധ്യാപകരും എത്തിയത്.