പത്തനംതിട്ട :ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്തനീക്കത്തിൽ ആറുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവിനെ സാഹസികമായി പിടികൂടി. പഴകുളം ചരിവുപറമ്പിൽ വീട്ടിൽ ബദറുദീൻ (29)ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ഭാഗത്തുനിന്നും കഞ്ചാവുമായി വന്ന ബൈക്ക് ഡാൻസാഫ് സംഘവും ഏനാത്ത് പോലീസും ചേർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ഏനാത്ത് പാലത്തിനു സമീപം സഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.പാലത്തിന് നടുവിൽ കൈകാണിച്ച് നിർത്താൻ ശ്രമിക്കവേ, ഹെൽമെറ്റ് ഊരി പോലീസ് ഉദ്യോഗസ്ഥരെ അടിക്കാൻ ഇയാൾ തുനിഞ്ഞു.വളരെ ശ്രമകരമായാണ് പ്രതിയെ പോലീസ് സംഘം കീഴടക്കിയത്. ബൈക്കും ഷോൾഡർ ബാഗിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ച 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പർ എളുപ്പം കാണാൻ സാധിക്കാത്തവിധം മറച്ച നിലയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് കിട്ടിയ രഹസ്യ വിവരം കൈമാറിയതിനെതുടർന്നായിരുന്നു പോലീസിന്റെ സംയുക്തനീക്കം. മാസങ്ങളായി പ്രതി പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ഡാൻസാഫ് ടീമും ഏനാത്ത് പോലീസ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ബൈക്ക് തടഞ്ഞു നിർത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു, പോലീസിനെ ആക്രമിക്കാനും മുതിർന്നു. പോലീസ് ഓടിച്ചിട്ട് പിടികൂടി കീഴ്പ്പെടുത്തുകയായിരുന്നു.
അടൂർ പഴകുളം എന്നിവടങ്ങളിൽ വ്യാപകമായി കഞ്ചാവ് കൈമാറ്റവും കച്ചവടവും നടക്കുന്നതായി പോലീസിന് രഹസ്യവിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഈ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡാൻസാഫ് സംഘം, ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു. കഞ്ചാവുമായി വരുന്നുണ്ടെന്ന് വിവരം ലഭിക്കുകയും, പോലീസ് സംഘം പരിശോധന ശക്തമാക്കുകയും ചെയ്തതിനെതുടർന്നാണ് പ്രതിയെ കുടുക്കാൻ സാധിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.ഏനാത്ത് പോലീസ് ഇൻസ്പെക്ടർക്കൊപ്പം, പോലീസ് ഉദ്യോഗസ്ഥരായ സാജൻ പീറ്റർ, ഷൈൻ, അമൽ, യൂനുസ്, സുനിൽ, അടൂർ പോലീസ് സ്റ്റേഷനിലെ ശ്യാം എന്നിവരും, ഡാൻസാഫ് ടീമിലെ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Home വൻ കഞ്ചാവുവേട്ട : ആറുകിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ