Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വിദ്യാർത്ഥിനിക്ക് പീഡനം :ഒരാഴ്ചക്കുള്ളിൽ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികൾക്കുള്ളിലാക്കി പോലീസ്

പത്തനംതിട്ട : പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, വിദ്യാർത്ഥിനി നിരന്തര ലൈംഗിക പീഡനത്തിനിരയായ കേസിൽ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികൾക്കുള്ളിലാക്കി പോലീസ്. ഏറ്റവുമൊടുവിൽ ഇലവുംതിട്ട പോലീസ് 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചയ്ക്കുള്ളിൽ ബഹുഭൂരിപക്ഷം പ്രതികളെയും ജയിലിലാക്കാൻ അന്വേഷണസംഘത്തിനു സാധിച്ചു. ആകെയുള്ള 59 പ്രതികളിൽ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.
ഊർജ്ജിതമായിതുടരുന്ന അന്വേഷണത്തിൽ ഇന്നലെ രാത്രിയും ഇന്നുമായി ഇലവുംതിട്ട പോലീസ് 4 യുവാക്കളെ കൂടി കസ്റ്റഡിയിലെടുത്തു. അഖിൽ (27), ബിജിത്ത് (23), സൂരജ് (20),രാഹുൽ രാജു ( 25)എന്നിവരാണ് അറസ്റ്റിലായത്. ഇനി കിട്ടാനുള്ള 3 പേരിൽ രണ്ടുപേർ പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികൾ പോലീസ് തുടരുകയാണ്. ഇലവുംതിട്ട പോലീസ് ഇനി ഒരു പ്രതിയെകൂടിമാത്രമേ പിടികൂടാനുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതിൽ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയിൽ തങ്ങി, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തിൽ ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും. പ്രതികളിൽ പ്രായം കൂടിയയാൾ 44 കാരൻ മാത്രം. ഇപ്പോൾ 19 ഉം 20 ഉം വയസ്സുള്ളവർ സംഭവം നടക്കുമ്പോൾ കൗമാരക്കാരായിരുന്നു എന്നത് ശ്രദ്ധേയം. അറസ്റ്റിലായവരിൽ 5 പേർ പ്രായപൂർത്തിയാകാത്തവരാണ്, പത്തനംതിട്ട 3, ഇലവുംതിട്ട 2 എന്നിങ്ങനെ. പ്രതികളിൽ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ്സ് കഴിഞ്ഞവർ രണ്ടുപേരും. 18 നും 25 നുമിടയിൽ പ്രായമുള്ളവരാണ് അധികവും. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പീഡനസംഭവങ്ങൾ തുടങ്ങുന്നതെന്നും സവിശേഷമാണ്.
ഇൻസ്റ്റാഗ്രാം ബന്ധമാണ് പീഡനസംഭവങ്ങളുടെ തുടക്കമായത്, ഇതിലൂടെയുള്ള സന്ദേശങ്ങൾ കുറ്റകൃത്യത്തിന്റെ എണ്ണം നീളാൻ കാരണമായി . പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശുചിമുറിയിൽ വച്ചും മറ്റുചില സന്ദർഭങ്ങളിലും വിദ്യാർത്ഥിനി കൂട്ടബലാൽസംഗത്തിന് വിധേയയായിട്ടുണ്ട്. നഗ്നദൃശ്യങ്ങൾ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റൽ തെളിവുകളുടെ പിൻബലത്തിൽ അന്വേഷണം മികച്ച നിലയിൽ മുന്നേറുമെന്നും, സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement