കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ ) വകുപ്പ് 15(1) പ്രകാരം 6 മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതി, ഉത്തരവ് ലംഘിച്ച് ജില്ലയിൽ കടന്നു. കുമ്പഴ നാൽക്കാലിപ്പടി തോണ്ടിയാനിക്കുഴി സഞ്ജു (23) ആണ് തിരുവനന്തപുരം ഡി ഐ ജിയുടെ 2024 സെപ്റ്റംബർ 23 ലെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചത്. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ ഇന്നലെ രാത്രി എട്ടിനു ശേഷം നാൽക്കാലിപ്പടിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്, വ്യവസ്ഥ ലംഘിച്ചതിന് കാപ്പ നിയത്തിലെ വകുപ്പ് 15(4),19 വകുപ്പുകളനുസരിച്ച് ഇയാൾക്കെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിൽ, ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാൾ നാട്ടിലെത്തിയതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന്, 2023 സെപ്റ്റംബർ 25 ന് ഇയാളെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ 2020 മുതൽ 7 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള കയ്യേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലെടുത്ത കേസുകളാണിവ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Home ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട കാപ്പ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയിൽ കടന്നു, പോലീസ് പിടികൂടി