Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സ്വർണക്കടയിൽ ബിസിനസ്‌ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വാക്കുനൽകി ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

   സ്വർണക്കടയിൽ ബിസിനസ്‌ പങ്കാളിയാക്കാമെന്നും, ലാഭവിഹിതമായി 25 ശതമാനം വീതം മാസംതോറും നൽകാമെന്നും വാക്കുനൽകി ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. ഒന്നാം പ്രതി കോഴിക്കോട് ഉണ്ണിക്കുളം പുനൂർ കക്കാട്ടുമ്മൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50), മൂന്നാം പ്രതി കോഴിക്കോട് കിഴക്കോട്, എലൈറ്റ് മുറി ബുസ്കനാബാദ് അബ്ദുൽ സമദ് (64) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി നൗഷാദ് ഖാൻ വിദേശത്താണ്. കൊട്ടാരക്കര ഓടനാവട്ടം തുറവൂർ ഹൈലാൻഡ് വീട്ടിൽ രാഹുൽ കൃഷ്ണനാണ് കബളിപ്പിക്കപ്പെട്ടത്.
  പ്രതികൾ ചേർന്ന് കോഴിക്കോട് പുനൂരിൽ നടത്തുന്ന മിനാ ജ്വലറിയിൽ പങ്കാളിയാക്കാമെന്നും, 25 ശതമാനം ലാഭവിഹിതമായി മാസംതോറും 6 ലക്ഷം രൂപയിൽ കുറയാതെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. 2023 ഫെബ്രുവരി 24 ന് അബ്ദുൽ ഗഫൂറിന്റെ അക്കൗണ്ടിലേക്ക് രാഹുൽ ഒരു കോടി അയച്ചുകൊടുത്തു. തുടർന്ന്, രണ്ടാം പ്രതിയുടെ പേരിൽ നിർമാണം പൂർത്തിയാവുന്ന വയനാട്ടിലെ റിസോർട്ടിൽ രണ്ട് കിടക്കകളുള്ള വില്ലയുടെ ഉടമസ്ഥാവകാശം 50 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വാക്കുനൽകിയതിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം മാർച്ച്‌ എട്ടിനു  പന്തളം ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേന അയച്ചുകൊടുത്തു. കൊട്ടാരക്കര എസ് ബി ഐ യിൽ നിന്നും രാഹുലിന്റെ ഭാര്യാപിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിച്ച തുകവാങ്ങിയാണ് പ്രതിക്ക്  കൈമാറിയത്. തുടർന്ന് ലാഭവിഹിതം നൽകുകയോ, കച്ചവടത്തിൽ പങ്കാളിയാക്കുകയോ ചെയ്തില്ല. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ യുവാവ് പരാതി നൽകുകയും അവിടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പന്തളത്താണ് ബാങ്ക് ഇടപാടുകൾ നടന്നത് എന്നതിനാൽ, എഫ് ഐ ആർ ഇങ്ങോട്ട് അയച്ചു കിട്ടുകയാൽ ഇവിടെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരിന്നു.പന്തളം പോലീസ് ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ചു. ഒന്നാം പ്രതി ഒരുകോടി രൂപ പലതവണയായി പിൻവലിച്ചതായും ഉപയോഗിച്ചതായും കണ്ടെത്തി. രണ്ടാം പ്രതി 25 ലക്ഷം മാറിയെടുത്തതിന്റെ തെളിവുകളും ലഭിച്ചു. പിന്നീട് പ്രതികൾക്കായി നടത്തിയ വ്യാപകമായ അന്വേഷണത്തിൽ അബ്ദുൽ ഗഫൂർ പുനൂരിലെ വീട്ടിൽ ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതുപ്രകാരം പോലീസ് അവിടെയെത്തി  ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തു. തുടർന്ന് അബ്ദുൽ സമദിനെയും  അയാളുടെ വീട്ടിലെത്തി പിടികൂടി. പന്തളം സ്റ്റേഷനിൽ എത്തിച്ച്  നിയമനടപടികൾക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement