പത്തനംതിട്ട : ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 12, 17,697 രൂപ തട്ടിയ പ്രതിയെ പന്തളം പോലീസ് പിടികൂടി. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളം പടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) ആണ് അറസ്റ്റിലായത്.
ടെലിഗ്രാം ആപ്ലിക്കേഷൻ വഴി അയച്ചുകൊടുത്ത ലിങ്കിലൂടെ നേഹ എന്ന ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് മോജ് എന്ന ആപ്പ് ഡൌൺലോഡ് ചെയ്യിപ്പിച്ചശേഷം, ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പന്തളം മങ്ങാരം സ്വദേശിയെയാണ് ഇയാൾ കബളിപ്പിച്ചത്. കഴിഞ്ഞവർഷം നവംബർ 6 നും 14 നുമിടയിലുള്ള കാലയളവിൽ ഇദ്ദേഹത്തിന്റെ പന്തളം തോന്നല്ലൂർ എസ് ബി ഐ ശാഖയിലെ അക്കൗണ്ടിൽ നിന്നും, അടൂർ ഇസാഫ് ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി ഇത്രയും തുക അയച്ചുവാങ്ങിയിട്ട് തിരികെനൽകാതെ കബളിപ്പിക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
നവംബർ 27 ന് മൊഴിപ്രകാരം വിശ്വാസവഞ്ചനയ്ക്കും, ഐ ടി നിയമപ്രകാരവും പന്തളം പോലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടതിനു പരാതി സൈബർ പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണമാണ് നടത്തിയത്. പ്രതിയുടെ വണ്ടൂർ കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നവംബർ എട്ടിന് 99000 രൂപ എത്തുകയും പിൻവലിക്കുകയും ചെയ്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എ എസ് ഐ ബി ഷൈൻ, എസ് സി പി ഓ ശരത് പി പിള്ള എന്നിവരാണ് പ്രത്യേകസംഘത്തിൽ ഉണ്ടായിരുന്നത്.
പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ പ്രതിയെ ഇന്നലെ രാവിലെ 9.30 ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ, ഈ കേസിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ കൂടാതെ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകൾ കൂടിയുണ്ടെന്നും മറ്റും പോലീസിനോട് വെളിപ്പെടുത്തി. മറ്റ് നടപടികൾക്ക് ശേഷം വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് അക്കൗണ്ടുകളും വിശദമായി പോലീസ് പരിശോധിച്ചുവരികയാണ്. ഇത്തരത്തിൽ വേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ആയതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ പോലീസ് അപേക്ഷ നൽകി. പ്രതി തട്ടിച്ചെടുത്ത പണം ആർക്ക് നൽകി എന്നതും വെളിവാക്കപ്പെടേണ്ടതുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.