Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മദ്യപാനത്തിന് ചെലവാക്കിയ പണത്തെച്ചൊല്ലി തർക്കമുണ്ടായതിനെതുടർന്ന് റോഡിൽ തള്ളിയിട്ടു തലയ്ക്ക് ഗുരുതരപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പത്തനംതിട്ട : ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ മദ്യപാനത്തിന് ചെലവാക്കിയ പണത്തെച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയും, ഒരാൾ അപരനെ ടാറിട്ടറോഡിൽ പിടിച്ചുതള്ളിയിടുകയും ചെയ്തു. എണീറ്റുവന്നപ്പോൾ വീണ്ടും പിന്നിലേക്ക് തള്ളിയിട്ടതിൽ തലയോട്ടി പൊട്ടി, ഉള്ളിൽ രക്തം കട്ടപിടിച്ചു ഗുരുതരമായി പരിക്കേറ്റു. പരാതിയെ തുടർന്ന്, വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവല്ല കാവുംഭാഗം അക്ഷയ വീട്ടിൽ നിന്നും നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തൈപ്പറമ്പിൽ ഉണ്ണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജി സുരേഷ് (53) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് 6 15ന് കിഴക്കും മുറിയിലാണ് സംഭവം. കാവുംഭാഗം കിഴക്കുമുറി ഉള്ളാട്ടുചിറ ഉഷയുടെ ഭർത്താവ് അനിയാണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഉഷയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്.
പ്രതി സുരേഷും അനിയും സുഹൃത്തുക്കളാണ്, ഇരുവരും ചേർന്ന് ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചു. 6.15 ഓടെ മദ്യപാനത്തിന് ചെലവാക്കിയ പണത്തെ ചൊല്ലി ഇരുവരും സംസാരിച്ച് തർക്കത്തിൽ ഏർപ്പെട്ടു. കാവുംഭാഗം കിഴക്കും മുറി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന് സമീപം വച്ച് തർക്കം മൂത്ത് തെറിവിളിയായി. ചീത്ത വിളിച്ചതിൽ പ്രകോപിതനായ പ്രതി അനിയെ മർദ്ദിച്ചു. തുടർന്ന് പിടിച്ചു തള്ളി താഴെ ഇടുകയായിരുന്നു. ടാർ റോഡിൽ തലയുടെ പിൻഭാഗം അടിച്ചുവീണു, എണീറ്റപ്പോൾ സുരേഷ് പിന്നെയും പിറകോട്ടു തള്ളിയിട്ടു. തല ശക്തിയായി റോഡിൽ അടിച്ചു വീണ്ടും വീണപ്പോൾ തലയോട്ടി പൊട്ടുകയായിരുന്നു. തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അനിയുടെ മൊഴി ഞായറാഴ്ച രാത്രി എട്ടിന് അവിടെയെത്തി പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നിർദേശപ്രകാരം എസ് സി പി ഓ നാദിർഷാ രേഖപ്പെടുത്തി. രാത്രി 11 മണിയോടെ എസ് ഐ ജി ഉണ്ണികൃഷ്ണൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കേസിന്റെ അന്വേഷണം പോലീസ് ഇൻസ്പെക്ടർ ഏറ്റെടുത്തു. അനിയെ ആദ്യം ചികിത്സക്കായി പ്രവേശിപ്പിച്ച തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു അന്വേഷണങ്ങൾ നടത്തി. തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ നെടുമ്പ്രം ഉണ്ടപ്ലാവിൽ നിന്നും ഉടനടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ആക്രമണമുണ്ടാകുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നെടുമ്പ്രം കല്ലുങ്കൽ പുത്തൻപറമ്പിൽ അഭിലാഷിനെ പോലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ച് പ്രതിയെ തിരിച്ചറിയുകയും, തുടർന്ന് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവസ്ഥലം അഭിലാഷ് പോലീസിന് കാണിച്ചുകൊടുത്തു, ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പോലീസ് തെളിവെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement