ഫേസ്ബുക്കിൽ സൃഷ്‌ടിച്ച പ്രത്യേകഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടിൽ സി കെ പ്രജിത് (39) ആണ് പിടിയിലായത്. 'തൂവൽ കൊട്ടാരം' എന്ന പേരിലുള്ള ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി,ആനിക്കാട് സ്വദേശിനിയായ 52 കാരിയിൽ നിന്നും പലതവണയായി 680801രൂപകൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിൻ ആയ പ്രതി പല ആവശ്യങ്ങൾ പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാൾ നൽകിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിൾ പേ ചെയ്തു വീട്ടമ്മയിൽ നിന്നും വാങ്ങിയത്.
2023 മേയ് മുതൽ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കിയശേഷം തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. 2024 നവംബർ 24 നാണ് വീട്ടമ്മ കീഴ്‌വായ്‌പ്പൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പ്രതിക്കായി പലസ്ഥലങ്ങളിൽ തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും, കോഴിക്കോട് ഇയാളുടെ വീടിനു സമീപത്തുനിന്നും ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കണ്ടെത്തുകയും ചെയ്തു.തുടർന്ന്, ട്രെയിൻ മാർഗമെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തു.
കുറ്റം സമ്മതിച്ച പ്രതിയെ, വീട്ടമ്മയെ വിളച്ചുവരുത്തി തിരിച്ചറിഞ്ഞു, ഇന്ന് രാവിലെ 10 ന് അറസ്റ്റ് രേഖപ്പെടുത്തി. പണം കൈമാറിയത് സംബന്ധിച്ച ബാങ്ക് രേഖകൾ പോലീസ് ശേഖരിച്ചു. ഇത്തരത്തിൽ വേറെയും സാമ്പത്തിക തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്.അന്വേഷണസംഘത്തിൽ സി പി ഓമാരായ വിഷ്ണുദേവ്, നെവിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Home ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യേകഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ