പത്തനംതിട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ‘ അറിയപ്പെടുന്ന റൗഡി’ യുമായ യുവാവിനെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവല്ല ഇരവിപേരൂർ കോഴിമല കുരിശുകവലയ്ക്ക് സമീപം തൈപ്പറമ്പിൽ വീട്ടിൽ അഞ്ചുക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസ് (44) ആണ് കാപ്പ നടപടിക്ക് വിധേയനായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ കഴിഞ്ഞ നവംബർ 12 ലെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും, കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ 6 കേസുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി. ഉത്തരവ് ശനിയാഴ്ച നടപ്പിലാക്കിയ തിരുവല്ല പോലീസ്, ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചാൽ കാപ്പ നിയമത്തിലെ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി ജില്ലയിലെ എല്ലാ എസ് എച്ച് മാർക്കും വിവരം കൈമാറുകയും ചെയ്തു.
2014 മുതൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം നിൽക്കുന്ന വിധം ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, അന്യായ തടസ്സം ചെയ്യൽ, സ്ത്രീകളോട് മോശമായി പെരുമാറൽ, സ്ത്രീകൾക്ക് നേരെ കയ്യേറ്റം, ഭവന കൈയേറ്റം, കുറ്റകരമായ നരഹത്യാശ്രമം, സർക്കാർ സ്ഥാപനത്തിൽ മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തുവരികയാണ് പ്രതി. വിചാരണയിലുള്ള രണ്ടു മോഷണക്കേസുകളിൽ ഒന്ന് വള്ളംകുളം പോസ്റ്റ് ഓഫീസിൽ കയറി 4200 രൂപ മോഷ്ടിച്ചതിന് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തതാണ്. ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തപ്പെട്ട പ്രതിക്ക്, ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ കോടതിയിൽ ഹാജരാകുന്നതിനും, മരണം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ സംബന്ധിക്കാവുന്നതാണ്. പുറത്താക്കപ്പെട്ട കാലയളവിൽ താമസിക്കുന്ന സ്ഥലത്തെ വിലാസം ജില്ലാ പോലീസ് മേധാവിയെയും തിരുവല്ല എസ് എച്ച് ഓയെയും അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച 6 കേസുകൾ കൂടാതെ, തിരുവല്ല പോലീസ് എടുത്ത 4 കേസുകളിലും, ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയായിട്ടുണ്ട് ഇയാൾ. 2014 മുതൽ അടിക്കടി സമാധാനലംഘനം നടത്തിവന്ന പ്രതിക്കെതിരെ നല്ലനടപ്പ് ജാമ്യംസംബന്ധിച്ച് തിരുവല്ല എസ് ഡി എം കോടതിക്ക്, തിരുവല്ല പോലീസ് റിപ്പോർട്ട് നൽകിയത് കോടതിയുടെ പരിഗണനയിലാണ്. ഒടുവിൽ ഇയാൾക്കെതിരായ കേസ് കഴിഞ്ഞവർഷം ജൂലൈ 29 നെടുത്തതാണ്. അതിൽ പിറ്റേന്ന് തന്നെ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്നതും, ഒക്ടോബർ 25 ന് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. തുടർന്നാണ്, ജില്ലാ പോലീസ് മേധാവി ഇയാൾക്കെതിരെ കാപ്പ നടപടിക്ക് റിപ്പോർട്ട് ഡി ഐ ജിക്ക് സമർപ്പിച്ചത്.
Home നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം 6 മാസത്തേക്ക് നാടുകടത്തി