Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നിരവധി മോഷണക്കേസുകളിൽ പ്രതിയെ ഓടിച്ചിട്ട് പിടികൂടി കീഴ്വായ്‌പ്പൂർ പോലീസ്

വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയെ ഓടിച്ചിട്ട് പിടികൂടി കീഴ്വായ്‌പ്പൂർ പോലീസ് നൈറ്റ്‌ പട്രോളിംഗ് സംഘം. തമിഴ്നാട് തിരുനെൽവേലി തെങ്കാശി വിശ്വനാഥയ്യർ കോവിൽ സ്ട്രീറ്റ്, ഹൗസ് നമ്പർ 12 ൽ പാച്ചി മുത്തു,, മുത്തു കുമാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന വസന്തകുമാർ (49) ആണ് അറസ്റ്റിലായത്. തിരുവല്ല മല്ലപ്പള്ളി റോഡിൽ ചെങ്ങരൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 4.40 ന് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ കീഴ്‌വായ്‌പ്പൂർ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന്, എസ് ഐ പി പി മനോജ്‌ കുമാറും, എസ് സി പി ഓ ശരത് പ്രസാദും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. കയ്യിലൊരു കവറുമായി പതുങ്ങിനിൽക്കുകയായിരുന്നു ഇയാൾ. കവറിൽ വസ്ത്രങ്ങളും ഒരു കുത്തുളിയും ഉണ്ടായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന മോഷണകേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോൾ, കഴിഞ്ഞദിവസം നടത്തിയ മറ്റൊരു മോഷണത്തെപ്പറ്റിയും വെളിപ്പെടുത്തി. കുന്നന്താനം പാലക്കാത്തകിടി തലക്കുളം സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റോസ് ടിമ്പേഴ്സ് തടിമില്ലിൽ നടത്തിയ മോഷണത്തെപ്പറ്റിയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഈ മാസം ഏഴിന് പുലർച്ചെ മൺവെട്ടി, ചുറ്റിക, സ്ക്രൂഡ്രൈവർ എന്നിവ മോഷ്ടിച്ചശേഷം, ഷട്ടർ ഇട്ടു പൂട്ടിയ ഓഫീസിന്റെ താഴുപൊട്ടിച്ച് അകത്തു കയറിയാണ്‌ മില്ലിൽ മോഷണം നടത്തിയത്. ഓഫീസ് മുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറിയ ഇയാൾ മേശയിൽ സൂക്ഷിച്ചിരുന്ന 300 രൂപയുടെ നാണയം മോഷ്ടിച്ചുകടന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കീഴ്‌വായ്‌പ്പൂർ പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇതിലും അറസ്റ്റ് രേഖപ്പെടുത്തി.
മോഷ്ടിച്ച പണം ദൈനംദിന ചെലവുകൾക്കും മദ്യപിക്കുന്നതിനും ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. തുടർന്ന് വിരലടയാളവിദഗ്ധരുടെ നേതൃത്വത്തിൽ ഇയാളുടെ വിരലടയാളം ശേഖരിച്ചു. തടിമില്ലിന് സമീപമുള്ള കിണറിന്റെ വെള്ളം കോരുന്ന തൊട്ടിയുടെ ഇരുമ്പുകുഴ ചവിട്ടിയിളക്കിയെടുത്ത് അത് ഉപയോഗിച്ച് മില്ലിന്റെ കെട്ടിട മുറിയുടെ ഷട്ടറിന്റെ പൂട്ട് അടിച്ച് പൊട്ടിച്ച് ഇളക്കിമാറ്റിയുയർത്തിയാണ്‌ ഇയാൾ ഉള്ളിൽ കടന്നത്. ഇരുമ്പ് ചുറ്റികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് ഓഫീസ് മുറിയുടെ മേശ കുത്തിത്തുറക്കുകയായിരുന്നു.
സ്ഥലത്ത് വിരലടയാളവിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ ബന്തവസ്സിലെടുക്കുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും വിശദമായി അന്വേഷണസംഘം പരിശോധിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ രണ്ട് കേസുകൾക്ക് പുറമെ, അടൂർ പന്തളം, ആറന്മുള എന്നീ സ്റ്റേഷനുകളിലായി 4 മോഷണ കേസുകൾ നിലവിലുണ്ട്. കൂടാതെ ചിങ്ങവനം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണകേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളാണ് മോഷണത്തിനായി ഇയാൾ അധികവും തെരഞ്ഞെടുക്കാറുള്ളതെന്നും അന്വേഷണത്തിൽ വ്യക്തമായി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement