അയിരൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ ഡി യ്ക്ക് പരാതി നൽകിയതിനു പിന്നാലെ സഹകാരികൾ വിജിലൻസിലേക്ക്. കോൺഗ്രസ്സ് സമരം ആരംഭിച്ചു.ബിജെപി സമരം ഉടൻ. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ കഴിഞ്ഞകാല ഭരണ സമിതികൾ നടത്തിയത്.ഇതിനിടയിൽ പണത്തിനെത്തുന്ന നിക്ഷേപകരെ വെറും കൈയ്യോടെ തിരിച്ചയക്കുകയാണ്.
പാടത്തും പറമ്പിലും ജീവിതകാലം മുഴുവൻ പണിയെടുത്ത പാവങ്ങൾ, ചുട്ടുപൊള്ളുന്ന വെയിലിലും, തണുത്തുറയുന്ന മഞ്ഞിലും വിദേശരാജ്യങ്ങളിൽ വിശ്രമമില്ലാതെ പണിയെടുത്ത സാധാരണക്കാർ, അവർ ഉറുമ്പ് കൂട്ടി വെയ്ക്കുമ്പോലെ കരുതി വെച്ച പണമാണ് ഇപ്പോൾ അന്യാധീനപ്പെട്ടുപോയത്.
പെൺമക്കളുടെ കല്യാണത്തിനും, വീടുവെയ്ക്കാനും, കിടപ്പാടം വാങ്ങാനും, മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും നിക്ഷേപിച്ച പണത്തിന് വേണ്ടി
ഇന്ന് അവർ ബാങ്കിൻ്റെ പടി കയറി ഇറങ്ങുകയാണ്.
ഈ പണമാണ് സഹകരണ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഒരു പറ്റം ഭരണക്കാർ കയ്യിട്ടുവാരിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വായ്പകളാണിത്.മുതലും പലിശയുമടക്കം ഒരു കോടിയോളം രൂപാ തിരിച്ചടയ്ക്കാൻ ഉള്ളവരുണ്ട്. മുതലടച്ചില്ലെങ്കിൽ പിന്നെ എന്തു പലിശ.
കഴിഞ്ഞ ആഗസ്റ്റ് 31 ന് പുറത്തു വന്ന ഓഡിറ്റ് റിപ്പോർട്ടാണ് സഹകരണ ബാങ്കിലെ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ആദർശ പൊയ്മുഖം വലിച്ചു കീറിയത്.
സഹകരണ ചട്ടത്തിൽ 10 സെൻ്റ് ഭൂമിയിൽ താഴെയുള്ളവർക്ക് വസ്തു ഈടിൽ വായ്പ കൊടുക്കാൻ അനുവാദം ഇല്ലെന്നിരിക്കെ ഇത്തരം വസ്തുവിൻ്റെ ഈടിൽ ലക്ഷങ്ങൾ വായ്പ കൊടുത്തിട്ടുണ്ട്. അധികൃതർ വസ്തുവിൻ്റെ മൂല്യനിർണ്ണയം നടത്താതെ ലോണായി കൊടുത്ത വൻ തുകകൾ തിരിച്ചടയ്ക്കാതെ ബാങ്കിനെ പ്രതിസന്ധിയിലാക്കുകയാണ്.2011 മുതൽ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഉന്നത രാഷ്ട്രീയ നേതാക്കളെ അറിയിച്ചിരുന്നതായി ചില സഹകാരികൾ പറയുന്നു. എന്നാൽ ഒരാളും വിഷയത്തിൽ ഇടപെട്ടിട്ടില്ല. ആരോപണ വിധേയന് നേതൃത്വം സ്ഥാനങ്ങൾ നൽകി ആദരിക്കുകയായിരുന്നു.
ഇതിനിടയിൽ ഇക്കഴിഞ്ഞ 25 ന് 92 ലക്ഷത്തിൻ്റെ കുടിശ്ശികക്കാരൻ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാം എന്ന് ഉറപ്പു നൽകിയിരുന്നെന്നും അതും ലംഘിക്കപ്പെട്ടതായും പറയുന്നു.2018 ലെ വെള്ളപ്പൊക്ക കാലത്ത് ബാങ്കിലെ രേഖകളെല്ലാം നശിച്ചു പോയി എന്ന് സഹകരണ വകുപ്പിനെ അറിയിച്ചും ചില തട്ടിപ്പുകൾ നടത്തിയതായി അറിയുന്നു. ചിട്ടിയുടെയും വായ്പകളുടെയും ബോണ്ടുകൾ നഷ്ടപ്പെട്ടെന്നായിരുന്നു പ്രചാരണം. എന്നാൽ ഈ വിഷയത്തെപ്പറ്റി അന്ന് സെക്രട്ടറി ആയിരുന്ന വ്യക്തി പറയുന്നത് ശ്രദ്ധിക്കുക.
വിഡിയോ.
ബുധൻ രാവിലെ ബാങ്കിനു മുന്നിൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
നിരവധി ജോലിക്കാരും ആയിരക്കണക്കിന് നിക്ഷേപകരുമുള്ള ഒരു സ്ഥാപനം തകരാൻ അനുവദിക്കരുത്. എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണ്ടതുമുണ്ട്. പണം പോയ വഴികൾ തിരിച്ചറിയാൻ പൊലീസ്,കോടതി ഇടപെടലുകൾ കൃത്യമായി ഉണ്ടാകണം. അതിന് ജനകീയ സമരവും മറ്റ് ഇടപെടലുകളും ഉപകരിക്കും എന്നു പ്രതീക്ഷിക്കാം.