Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

യുവാവിന് മർദ്ദനം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരൻമാർ അറസ്റ്റിൽ

    ഇലവുംതിട്ടയിലെ ബാറിൽ  23 ന് പകൽ രണ്ടരയോടെ ഭക്ഷണം കഴിച്ചിറങ്ങിയ   മെഴുവേലി   ആലക്കോട് കുന്നംമ്പള്ളികുഴിയിൽ വീട്ടിൽ ജിജോ ജോണി (38)നെ മർദ്ദിച്ച നാലംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉള്ളവരുമായ ചെന്നീർക്കര  പ്രക്കാനം വലിയവട്ടം  കുന്നും പുറത്ത് വീട്ടിൽ   വിഷ്ണു എന്ന ശേഷാസെൻ (37),ഇരട്ട സഹോദരനായ കണ്ണൻ എന്ന് വിളിക്കുന്ന മായാസെൻ ( 37) എന്നിവരാണ് അറസ്റ്റിലായത്. ജിജോയുടെ മൊഴിപ്രകാരം വധശ്രമത്തിന് കേസെടുത്ത ഇലവുംതിട്ട പോലീസ്  ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ ഇരുവരെയും ഉടനടി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
    നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 ന് പ്രക്കാനത്ത് വച്ചാണ് അത്യന്തം അപകടകാരികളായ ഇരട്ടസഹോദരൻമാരെ ഡാൻസാഫ് സംഘം സാഹസികമായി കീഴടക്കിയത്. പ്രതികൾ  ചെറുത്തു നിൽക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. 
    ഭക്ഷണം കഴിച്ചിറങ്ങിയ ജിജോ ജോണിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ്  നാൽവർ സംഘം ആക്രമിച്ചത്. അറസ്റ്റിലായവർ ഒന്നും രണ്ടും പ്രതികളാണ്, മൂന്നും നാലും പ്രതികളായ സുധി, സജിത്ത് എന്നിവരെപ്പറ്റി  ഇലവുംതിട്ട പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസഭ്യം വിളിച്ചുകൊണ്ട് ശേഷാസെൻ ജിജോയുടെ മുഖത്ത് ആദ്യം കൈകൊണ്ടിടിക്കുകയായിരുന്നു. തുടർന്ന്, മായാസെൻ ചവുട്ടി താഴെയിട്ടു. പിന്നീട്, ശേഷാസെൻ സോഡാ കുപ്പികൊണ്ട് വലത് ചെവിക്ക് മുകളിൽ അടിച്ചു. മറ്റു രണ്ടു പ്രതികൾ ചേർന്ന് മുഖത്തും തലയിലും മർദ്ദിക്കുകയും, ചവിട്ടുകയും ചെയ്തു. 

ശേഷാസെൻ പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു, മുഖത്തടിച്ചു. ജിജോയുടെ ഇടതു കണ്ണിന് നീരുവയ്ക്കുകയും, തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ജിജോയുടെ മൊഴി എസ് സി പി ഓ ധനൂപ് രേഖപ്പെടുത്തി. തുടർന്ന് എസ്ഐ പി എൻ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, എസ് എച്ച് ഓ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം വ്യാപകമാക്കി. സംഭവസ്ഥലത്തു നിന്നും ആക്രമിക്കാൻ ഉപയോഗിച്ച സോഡാകുപ്പി കണ്ടെടുത്തു. ജിജോയെ ചികിൽസിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. വൈകിട്ട് ഏഴിന് പിടികൂടിയ പ്രതികളെ വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതം നടത്തിയ പ്രതികളുടെ അറസ്റ്റ് രാത്രി 11 ന് ശേഷം രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൈവശമുണ്ടായിരുന്ന സ്കൂട്ടർ, കുറ്റകൃത്യത്തിൽ ഉപയോഗിച്ചതെന്ന് വെളിപ്പെട്ടതിനെ തുടർന്ന് പോലീസ് പിടിച്ചെടുത്തു.
ശേഷാസെൻ പോലീസിനെ ആക്രമിച്ചതിനെടുത്തത് ഉൾപ്പെടെ 14 ക്രിമിനൽ കേസുകളിലും, മായാസെൻ 10 ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുണ്ട്. നിരന്തരം അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇരട്ട സഹോദരന്മാർ ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരമായി ഭംഗമുണ്ടാക്കി വരികയാണ്. കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, ദേഹോപദ്രവം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് വില്പനക്കായി കൈവശംവയ്ക്കൽ, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇരുവരും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. മിക്ക കുറ്റകൃത്യങ്ങളും ഇരുവരും ഒരുമിച്ചാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ കേസിന് പുറമെ ശേഷാസെന് ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ മാത്രം ആറു കേസുകളും, മായാസെന് 4 കേസുകളുമുണ്ട്. ഇലവുംതിട്ടക്ക് പുറമേ ഏനാത്ത് ചിറ്റാർ പത്തനംതിട്ട, ആറന്മുള, പത്തനംതിട്ട എക്സൈസ് എന്നിവിടങ്ങളിലാണ് ക്രിമിനൽ കേസുകളുള്ളത്. ഇരുവരും പ്രതിയായ കഞ്ചാവ് കേസ് പത്തനംതിട്ട എക്സൈസ് രജിസ്റ്റർ ചെയ്തതാണ്. 2018 മുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവരികയാണ് പ്രതികൾ. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement