കൂടൽ കലഞ്ഞൂർ ഒന്നാം കുറ്റിയിൽ കാർ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മർദ്ദിച്ച യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാലായിൽ ആറ്റൂർ ഭാഗം നന്ദനം വീട്ടിൽ അഭിനന്ദ് ( 24) ആണ് പിടിയിലായത്. മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തൻ വീട്ടിൽ എം ഐ ഇബ്നൂസി(63)നാണ് യുവാവിന്റെ മർദ്ദനമേറ്റത്. പത്തനാപുരത്തേക്ക് കാർ ഓടിച്ചുപോയ ഇദ്ദേഹത്തെ വശം കൊടുത്തില്ല എന്നാരോപിച്ച് ഒന്നാം കുറ്റിയിൽ ബൈക്ക് മുന്നിൽ കയറ്റി വഴിതടഞ്ഞു മർദ്ദിക്കുകയായിരുന്നു.
കാർ തടഞ്ഞു നിർത്തി വാക്കു തർക്കത്തിലേർപ്പെട്ട പ്രതി ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് മുഖത്ത് ഇടിച്ചു. തുടർന്ന്, ഡോർ ബലമായി തുറന്ന് പുറത്തിറക്കി തലക്കും ദേഹത്തും അടിക്കുകയും താഴെ വീണപ്പോൾ തറയിലിട്ട് ചവിട്ടുകയും ചെയ്തു. സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴാണ് ഇയാൾ മർദ്ദനം നിർത്തിയത്. സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ നിന്നും വിരമിച്ച ഇബ്നൂസ് മുൻ സൈനികനുമാണ്. സാധനങ്ങൾ വാങ്ങാൻ പത്തനാപുരത്തേക്ക് പോകുകയായിരുന്നു. ചാറ്റൽ മഴ കാരണം പതിയെ കാർ ഓടിച്ചുപോയ ഇദ്ദേഹത്തിന്റെ പിന്നാലെ ഹോൺ മുഴക്കി വന്ന പ്രതി , വാഹനം ഒതുക്കി കൊടുത്തപ്പോൾ മുന്നിൽ കയറി തടഞ്ഞു മർദ്ദിച്ചതായി മൊഴിയിൽ പറയുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ കൂടൽ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നിർദേശപ്രകാരം, എസ് ഐ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Home ബൈക്കിനു വശം കൊടുത്തില്ലെന്ന് പറഞ്ഞ് മർദ്ദനം : പ്രതി പിടിയിൽ