കേരള സർക്കാരിന്റെ പുതിയ ‘വീര്യം കുറഞ്ഞ മദ്യനയം’ (Low-Alcoholic Beverages) പുറത്തുവന്നതോടെ കുടിയന്മാർക്ക് സന്തോഷമായോ ഇല്ലയോ എന്നറിയില്ല, പക്ഷേ യു.ഡി.എഫിനകത്ത് ഇപ്പോൾ നല്ല ‘വീര്യമുള്ള’ അടി നടക്കുന്നുണ്ട്! കഞ്ചാവിനെ തോൽപ്പിക്കാൻ മദ്യത്തിന് നികുതി കുറച്ച സർക്കാർ ബുദ്ധിക്കെതിരെ സ്വന്തം പാളയത്തിൽ നിന്ന് തന്നെയാണ് വെടിപൊട്ടുന്നത്. പണ്ട് ബാറുകൾ പൂട്ടിച്ച അതേ മദ്യവിരുദ്ധ പോരാട്ട വീര്യത്തോടെ വി.എം. സുധീരൻ ദാ മുന്നിൽ തന്നെയുണ്ട്. സർക്കാരിന്റെ ഈ ഇളവ് മദ്യലോബികളെ സഹായിക്കാനാണെന്ന് പറഞ്ഞ് അദ്ദേഹം കടുത്ത എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ, സ്വന്തം ക്യാബിനറ്റിലെ പ്രമുഖ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും ഈ തീരുമാനത്തിൽ കടുത്ത വിയോജിപ്പിലാണ്. സംഭവം വിവാദമായതോടെ, “ബജറ്റിൽ നികുതി നിശ്ചയിച്ചെന്നേയുള്ളൂ, വിൽക്കാൻ അനുമതി നൽകിയിട്ടില്ല” എന്ന് പറഞ്ഞ് എക്സൈസ് മന്ത്രി എം. ലിജു തന്നെ ഒടുവിൽ പ്രതിരോധത്തിലായി.
പണ്ട് ‘പൂർണ്ണ മദ്യനിരോധനമേ പ്രഖ്യാപിക്കൂ’ എന്ന് പറഞ്ഞ് താക്കോലെടുത്ത് കടലിലെറിഞ്ഞ യു.ഡി.എഫ്, ഇപ്പോൾ മദ്യക്കമ്പനികൾക്ക് 251 ശതമാനത്തിൽ നിന്ന് 120 ശതമാനത്തിലേക്ക് നികുതി വെട്ടിക്കുറച്ചു കൊടുത്തതാണ് സുധീരനെയും കൂട്ടരെയും ചൊടിപ്പിച്ചത്.
പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതിനെ ‘കർണാടക മദ്യലോബി അഴിമതി’ എന്ന് വിളിക്കുമ്പോൾ, യു.ഡി.എഫ് പറയുന്നത് പണ്ട് പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ നിയമമുണ്ടാക്കിയത് എൽ.ഡി.എഫ് ആണെന്നാണ്.അന്യോന്യം പാരവെയ്പ്പും വിയോജിപ്പുകളും കാരണം ഈ ‘ലൈറ്റ് മദ്യം’ വിപണിയിൽ എത്തുന്നതിന് മുൻപ് UDF ന് സ്വന്തം മുന്നണിയിൽ തന്നെ പുളിച്ചു തികട്ടുന്ന അവസ്ഥയാണിപ്പോൾ!







