ഉള്‍ക്കൊള്ളലിന്‍റെയും കരുതലിന്‍റെയും ആത്മീയത പ്രഘോഷിക്കേണ്ടവരാകണം വൈദീക സ്ഥാനികരെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. ചരൽക്കുന്നിൽ ആരംഭിച്ച മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർത്തോമ്മാ മെത്രാപ്പൊലീത്താ. ഉള്‍ക്കൊള്ളലിന്‍റെ ആത്മീയതയെ ധരിക്കുവാന്‍ പരാജയപ്പെടുമ്പോള്‍ ഇടര്‍ച്ചകളെ ഉല്പാദിപ്പിക്കുന്ന ഇടയന്മാരായി നാം മാറും. ഫ്രാന്‍സിസ് മാർപ്പാപ്പാ മാർത്തോമ്മാ സഭയെ ബ്രിഡ്ജ് സഭ എന്ന് വിശേഷിപ്പിച്ചു. പാശ്ചാത്യവും പൗരസ്ത്യവും ഒന്നിക്കുന്ന ഒരു പുതിയ രീതിശാസ്ത്രം സഭയിലൂടെ ഉടലെടുത്തതാണ് ഇതിന് കാരണം .വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും, വിവിധ സാംസ്കാരിക പശ്ചാത്തലം ഉള്ളവരും ഒരുമിച്ചുകൂടുമ്പോഴാണ് യഥാര്‍ത്ഥ ദൈവ സഭ ഉടലെടുക്കുന്നത്. ഉള്‍ക്കൊള്ളലിന്‍റെ ആത്മാവിനെ ധരിക്കുക എന്നത് ഒരു ബലഹീനതയല്ല. പകരം യേശുക്രിസ്തു ലോകത്തില്‍ കാണിച്ച പ്രായോഗിക ക്രിസ്തീയ ജീവിതത്തിന്‍റെ തുടര്‍ച്ചയാണ്. ബ്രിഡ്ജിങ് സഭ എന്നത് സമന്വയത്തിന്‍റെ, ഒരുമയുടെ സഭയാണ്. അതാണ് ക്രിസ്തു സഭയുടെ ആത്മാവും. വൈദികരുടെ വ്യക്തിജീവിതവും കുടുംബ ജീവിതവും ദൈവരാജ്യ മൂല്യങ്ങളുടെ ശൈലിയില്‍ ഉടച്ചുവാര്‍ക്കണം. ഉപഭോഗം കുറയ്ക്കണം, ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം, ജലം, വായു, വനം ഇവ സംരക്ഷിക്കപ്പെടണം. ജൈവഭക്ഷ്യവിളകളുടെ ഉല്പാദനത്തില്‍ ഏര്‍പ്പെടണം, തുടങ്ങി നിരവധി സൂക്ഷ്മതല പ്രതിരോധങ്ങള്‍ ആവിഷ്ക്കരിക്കണം . വ്യക്തിജീവിതത്തില്‍ ഒരു പ്രമാണവുമില്ലാത്ത ആത്മീയത ക്രിസ്തീയമല്ല. ജനാധിപത്യ രീതി – ഒരു ജീവിത ശൈലിയായി പട്ടക്കാര്‍ സ്വീകരിക്കണം. ഏതൊരു കാര്യവും ചെയ്യുമ്പോഴും അതിന്‍റെ പിന്നില്‍ ആഴമായ വിശകലനം ആവശ്യമാണ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായ ദര്‍ശനം ആവശ്യമാണ്. പ്രാദേശിക ഇടവകയെ പൊതു സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വേണം വൈദികർ പ്രവര്‍ത്തിക്കേണ്ടതെന്നും അദേഹം ഓർമ്മിപ്പിച്ചു. കോൺഫ്രൺസ് പ്രസിഡൻ്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരുന്നു. സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണ്ണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, വികാരി ജനറാൾ വെരി റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മൻ , വൈദിക ട്രസ്റ്റി റവ. ഡേവിഡ് ദാനിയേൽ, കോൺഫ്രൻസ് കൺവീനർ റവ.ജ്യോതിഷ് സാം , ട്രഷറർ റവ.എബ്രഹാം വി. സാംസൺ എന്നിവർ പ്രസംഗിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലിത്ത യെ സമ്മേളനം അനുമോദിച്ചു. ഇടയൻ- ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ 4 ദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും നടക്കും. 29ന് രാവിലെ 8.30ന് മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ സമാപിക്കും. മാർത്തോമാ സഭയിലെ ലോകമെങ്ങുമുള്ള 1200 ഓളം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കുന്നു . .