പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട രണ്ടാം ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ഇന്ന് രാവിലെ സന്നിധാനത്ത് പുതിയ ബാച്ചിലുള്ളവർക്ക് സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു ഡ്യൂട്ടി സംബന്ധിച്ചകാര്യങ്ങൾ വിശദമാക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. സന്നിധാനം നടപ്പന്തലിലെ ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് നടന്ന പരിപാടിയിൽ ജൂനിയർ സ്പെഷ്യൽ ഓഫീസർ അങ്കുസിംഗ്, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭക്തർക്ക് കൂടുതൽ പോലീസ് സേവനം ലഭ്യമാക്കി മുന്നോട്ടുപോകണമെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരം തീർത്ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ പ്രദേശങ്ങളിലും ഭിക്ഷാടനം ഒഴിവാക്കുന്നതിനും, അനധികൃത കച്ചവടം തുടങ്ങിയ കാര്യങ്ങൾ തടയുന്നതിനും വേണ്ട നടപടികൾ പോലീസ് തുടർന്നും കൈക്കൊള്ളും. കൂടാതെ, പിടിച്ചുപറി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളും കർശനമായി തടയും. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള എല്ലാ സേവനവും പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തമാസം 6 വരെ നീളുന്ന 12 ദിവസത്തെ കാലയളവിലേക്കാണ് പുതിയ സംഘത്തെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 1 എസ് പി, 2 എ എസ് പി, 8 ഡി വൈ എസ് പി മാർ, 27 പോലീസ് ഇൻസ്‌പെക്ടർമാർ, 85 എസ് ഐ / എ എസ് ഐ, 1250 എസ് സി പി ഓ / സി പി ഓ എന്നിങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ കണക്ക്.
Home ശബരിമല : രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു