നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതി ആത്മഹത്യ ചെയ്തതിനെതുടർന്ന് ഇയാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തുമടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളമറിഞ്ഞെത്തിയ പോലീസിനുനേരെ നേരെ അസഭ്യവർഷവും ആക്രമണശ്രമവും നടത്തി, 6 യുവാക്കളെ കൊടുമൺ പോലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് പി സി കെ ലേബർ ലൈനിൽ ബി അർജുൻ(25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷമീൻ ലാൽ(27), കൂടൽ നെടുമൺ കാവ് പി സി കെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ അരുൺ (29), ഓമല്ലൂർ ചീക്കനാൽ മേലേപ്പുറത്ത് വീട്ടിൽ ബിപിൻ കുമാർ(30), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേൽ അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 4 പേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു, ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയ്ക്ക് കൊടുമൺ ഇടത്തിട്ടയിലാണ് സംഭവം.
കൊടുമൺ പോലീസ് സ്റ്റേഷനിൽ പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയും, നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളയാളുമായ അതുൽ പ്രകാശ് കഴിഞ്ഞദിവസം കെട്ടി തൂങ്ങി മരിച്ചിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂർ റോഡിൽ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴി
ച്ചു വിടുകയുമായിരുന്നു. വാഹനങ്ങളെ തടഞ്ഞും യാത്രക്കാർക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചും സംഘം അഴിഞ്ഞാടി. മദ്യലഹരിയിൽ ക്ഷേത്രദർശനത്തിന് പോയവരെ അസഭ്യം പറയുകയും, വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഘത്തെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻസ്പെക്ടർ പി വിനോദിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു.
എന്നാൽ പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും തള്ളിമാറ്റി രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിടികൂടാൻ പിന്നാലെ ഓടിയ പോലീസിനെ തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞ പ്രതികളെ പോലീസ് പിന്തുടർന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്ന്, 8.50 ന് അറസ്റ്റ് രേഖപ്പെടുത്തി.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം അടൂർ ഡി വൈ എസ് പി ജി സന്തോഷ് സാറിന്റെ നേതൃത്വത്തിലാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. പോലീസ് ഇൻസ്പെക്ടർ പി വിനോദ് എ എസ് ഐ നൗഷാദ് , എസ് സി പി ഓ അനൂപ്, സിപി ഓമാരായ എസ് പി അജിത്ത്, സുരേഷ്, അനൂപ്, ജോൺ ദാസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഗൂണ്ട സംഘത്തിൽ പ്പെട്ട പ്രതികൾ, പട്ടികയും തടികഷ്ണങ്ങളും പാറക്കല്ലുകളുമായാണ് ജനങ്ങളിൽ ഭീതി സൃഷ്ടിച്ച് ആക്രമണം നടത്തിയത്. ഒന്നാം പ്രതി അർജുൻ കൂടൽ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഉൾപ്പെട്ടയാളാണ്. രണ്ടാംപ്രതി ഷെമിൻ ലാൽ കൊടുമൺ സ്റ്റേഷനിലെ കഠിന ദേഹോപദ്രവകേസിൽ ഉൾപ്പെട്ടു. മൂന്നാം പ്രതി ആനന്ദ് കൂടൽ പോലീസ് സ്റ്റേഷനിലെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ അർജുന്റെ കൂട്ടുപ്രതിയാണ്. അരുൺ കോടുമൺ പത്തനംതിട്ട കോന്നി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 7 ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇതിൽ മോഷണം, കഞ്ചാവ് കൈവശം വയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യാ ശ്രമം, ലഹളയുണ്ടാക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. ആറാം പ്രതി അബിൻ അടൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ ഉൾപ്പെട്ടു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Home നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ആത്മഹത്യ ചെയ്തു, സുഹൃത്തുക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി, പോലീസിനെ തടഞ്ഞു, 6 പേരെ പോലീസ് പിടികൂടി