പത്തനംതിട്ട :തങ്കയങ്കിയുത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സുരക്ഷാക്രമീകരണങ്ങൾ വ്യോമമാർഗം ശബരിമല കോർഡിനേറ്ററും എ ഡി ജി പി യുമായ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തി. 24 നായിരുന്നു ഇത്. തുടർന്ന് ഇന്ന് രാവിലെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തലായി ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം നടന്നു. പോലീസ് ആസ്ഥാനം ഡി ഐ ജി സതീഷ് ബിനോയുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ വ്യോമനിരീക്ഷണം. സന്നിധാനം, നിലക്കൽ, പമ്പ, എരുമേലി എന്നിവടങ്ങളിലാണ് ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, നിലക്കൽ എസ് ഓ പ്രജീഷ് തോട്ടത്തിൽ, ജോയിന്റ് എസ് ഓ രാജേഷ് കുമാർ തുടങ്ങിയരും ഡി ഐ ജിക്കൊപ്പം ഉണ്ടായിരുന്നു. മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും, ശുഭകരവും പരാതിരഹിതവുമായ മണ്ഡലകാലം പോലെ ഏവർക്കും മകരവിളക്ക് ഉത്സവകാലം അനുഭവവേദ്യമാക്കാൻ പോലീസ് സേവനം ഉറപ്പാക്കിയെന്നും എ ഡി ജി പി പറഞ്ഞു.
മണ്ഡലകാലത്തെ തീർത്ഥാടനം വൻ വിജയമായതിൽ പോലീസ് സേവനം നിസ്തുലം
41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ചുള്ള സവിശേഷമായ മണ്ഡല പൂജയുടെ ചടങ്ങുകളും രാവിലെ 11.57 മുതൽ ഉച്ചയ്ക്ക് 12.30 വരെ സന്നിധാനത്ത് നടന്നു. മണ്ഡലപൂജ കഴിഞ്ഞു 1 മണിക്ക് നടയടക്കുകയും, വീണ്ടും 3 മണിക്ക് നടതുറന്ന് ആറരയ്ക്ക് ദീപാരാധനയും, രാത്രി 9.50 ന് ഹരിവരാസനം ചൊല്ലി
10 ന് നട അടക്കലും കഴിഞ്ഞാൽ, മകരവിളക്ക് ഉത്സവത്തിനായി ഈമാസം 30 ന് വൈകിട്ട് 5 മണിക്കാവും നട വീണ്ടും തുറക്കുക.
ഇന്നലെ അയ്യപ്പന് തങ്കിയങ്കി ചാർത്തിയുള്ള ദീപാരാധന ഭക്തർക്കാകെ ദർശനസായൂജ്യമേകി നടന്നു. ആർക്കുമൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതെ, ദർശനപുണ്യം നൽകി തങ്കയങ്കി ചാർത്തലുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നതിൽ പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും മികച്ച ഏകോപനമാണ് കാണാൻ കഴിഞ്ഞതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ പറഞ്ഞു. പരാതികളൊന്നും ഉയരാതെ ഭക്തജനലക്ഷങ്ങൾക്ക് മണ്ഡലകാലം അനുഗ്രഹീതമാം വിധം ദർശനം നടത്താൻ സാധിച്ചത് പോലീസിന്റെയും കൂടി മികച്ച വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.