സരസകവി മൂലൂർ സാമൂഹ്യനീതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മൂലൂർ എസ്. പദ്മനാഭപണിക്കരുടെ 156-ാമത് ജയന്തിയും സ്മാരകത്തിൻ്റെ 36-ാം വാർഷികത്തിന്റെയും
ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുടച്ചുനീക്കാനായി ആർജവമുള്ള നിലപാടുകൾ കവിതകളിലൂടെ ഉയർത്തി കാട്ടിയ ജനകീയ കവി ആയിരുന്നു മൂലൂർ. നിർധനരായ കുട്ടികളെ സ്വന്തം ചിലവിൽ പഠിപ്പിച്ചു. സ്കൂളുകളും
വായനശാലകളും സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്തും ആശുപത്രികൾ നിർമിച്ച് ആതുര സേവന രംഗത്തും ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ അനുഗമിച്ച് സാമൂഹ്യ സേവനരംഗത്തും മൂലൂർ നൽകിയ സംഭാവനകൾ ഏറെയാണ്. പുരോഗമന ആശയങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും ഉയർത്തിപിടിക്കാൻ മൂലുരിന്റെ ജീവിതം പഠനമാണെന്നും മന്ത്രി പറഞ്ഞു.

മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎയും സ്മാരക സമിതി
പ്രസിഡന്റുമായ കെ.സി. രാജഗോപാലൻ അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ,
മുൻ എം എൽ എ രാജു ഏബ്രഹാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.പി. ജയൻ, മനോജ് ദാമോദരൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.എസ്. അനീഷ് മോൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിങ്കി ശ്രീധർ,വൈസ് പ്രസിഡൻ്റ് അനില ചെറിയാൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എൻ രാധാചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു