വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത യുവാവിനെ കോയിപ്രം പൊലിസ് മണിക്കൂറുകൾക്കകം പിടികൂടി. കീഴ്‌വായ്‌പ്പൂർ മണിക്കുഴി വിനീത് (21) ആണ് അറസ്റ്റിലായത്. പ്ലസ് ടൂവിന് പഠിക്കുന്ന പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാവുകയും, തുടർന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 18 ന് ഉച്ചക്ക് വീട്ടിൽ നിന്നും പരീക്ഷക്ക് പോയപ്പോൾ നിർബന്ധിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോയ പ്രതി, കീഴ്‌വായ്‌പ്പൂർ മണ്ണുംപുറത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് എത്തിച്ചാണ് ബലാൽസംഗം ചെയ്തത്. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അന്ന് സ്കൂൾ വിട്ട് വീട്ടിലെത്താഞ്ഞതിനെ തുടർന്ന്, ബന്ധു കോയിപ്രം പോലീസിൽ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഊർജ്ജിതമാക്കിയ തെരച്ചിലിനോടുവിൽ പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. അടുപ്പത്തിലായശേഷം അമ്മയുടെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന കുട്ടിക്ക്, ഇയാൾ ഫോൺ പിന്നീട് വാങ്ങികൊടുക്കുകയും, ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടാവുകയും ചെയ്തതായി മൊഴിയിൽ പറയുന്നു.പിന്നീട് ഫോൺ ഒഴിവാക്കി.സ്കൂളിലേക്ക് ബസ് കാത്തുനിൽക്കുമ്പോൾ, അവിടെയെത്തി കുട്ടിയെ പലതവണ ബൈക്കിലും, കൂട്ടുകാരന്റെ കാറിലും നിർബന്ധിച്ച് സ്കൂളിൽ കൊണ്ടാക്കുകയും, ചിലപ്പോൾ മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തിരുന്നു. വീണ്ടും ഫോൺ നൽകിയ പ്രതി അതിലൂടെ നിരന്തരം ബന്ധപ്പെടുകയും, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 18 ന് ഇപ്രകാരം നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരീക്ഷയുടെ കാര്യം പറഞ്ഞു കുട്ടി ഒഴിഞ്ഞുമാറി.
വീണ്ടും വിളിച്ച് ശല്യം ചെയ്ത യുവാവ്, കല്യാണം കഴിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതിൽ ഭയപ്പെട്ട പെൺകുട്ടി, വീട്ടിൽ നിന്നിറങ്ങി കുറെ ദൂരം നടന്നെത്തിയ പെൺകുട്ടിയെ, തുടർന്ന് പ്രതി ബൈക്കിൽ കയറ്റി ഉച്ചക്ക് 12.30 ന് സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഇതിന് ശേഷം കോട്ടയത്തേക്ക് പോകാമെന്നു പറഞ്ഞു ബൈക്കിൽ കയറ്റി പോയെങ്കിലും,പാതിവഴിക്ക് തിരിച്ച് സ്കൂൾ പരിസരത്ത് ഇറക്കി വിട്ടു സ്ഥലംവിടുകയും ചെയ്തു. വനിതാ പോലീസിന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് തുടർന്നുള്ള നടപടികൾക്ക് ശേഷം, പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കി. ഇന്നലെ രാത്രിതന്നെ യുവാവിനെ പിടികൂടി.
കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടി കൈക്കൊള്ളുകയും, വൈദ്യപരിശോധന തുടങ്ങിയ നടപടികൾ സ്വീകരിക്കുകയും ചെയ്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ഇയാളെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന്, ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Home വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ