അമിതവേഗതയിലും അശ്രദ്ധയോടെയും ഓടിച്ച് കാറിലിടിച്ച് രണ്ടുപേർ മരിച്ച കേസിൽ കെ എസ് ആർ റ്റി സി ബസ് ഡ്രൈവറെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുര തൊളിക്കോട് താന്നിമൂട് തടത്തരികത്ത് വീട്ടിൽ നിന്നും, വിതുര മരുതാമല എൽദാദ് വീട്ടിൽ താമസം ടി ആർ നിജിലാൽ രാജ് (48) ആണ് പിടിയിലായത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെ കോയിപ്രം മുട്ടുമൺ കനാൽ പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ചെറുകോൽ ഒലിപ്പുറത്ത് സനുമോൻ എസ് വർഗീസിന്റെ സഹോദരന്റെ ഭാര്യാപിതാവ് രാജൻ പി ജോർജ്ജ് (69) ഓടിച്ച കാറിലാണ് അമിതവേഗതയിൽ പ്രതി ഓടിച്ച ബസ് ഇടിച്ചുകയറിയത്. റോഡിന്റെ വലതുവശത്തേക്ക് ഓടിച്ചുകയറ്റി കാറിൽ ഇടിച്ചായിരുന്നു അപകടം. 10 മീറ്ററോളം ബസ് കാറിനെ തള്ളിനീക്കി, സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന് രാജൻ പി ജോർജ്ജും ഒപ്പമുണ്ടായിരുന്ന റീനാ രാജ(56)നും മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ ഷേബാ രാജനും ഇവരുടെ മൂന്നര വയസ്സുള്ള ജുവനാ എത്സാ ലിജുവും ഗുരുതര പരിക്കുകൾ പറ്റി ചികിത്സയിലാണ്. ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഫോറെൻസിക് വിഭാഗം പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഇന്ന് വിട്ടുനൽകി.
സനുമോൻ എസ് വർഗീസിന്റെ മൊഴിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ് ഇന്നലെ തന്നെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിരുന്നു. എസ് സി പി ഓ ഷെബിയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി മൊഴിയെടുത്തത്. എസ് ഐ സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. എസ് ജി ഗോപകുമാർ ഇൻക്വസ്റ്റ് നടപടികൾ നടത്തി. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തുടർന്ന് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Home അമിതവേഗതയിലും അശ്രദ്ധയോടെയും ഓടിച്ച് കാറിലിടിച്ച് രണ്ടുപേർ മരിച്ച കേസിൽ കെ എസ് ആർ റ്റി സി ബസ് ഡ്രൈവർ അറസ്റ്റിൽ