Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സ്ത്രീധനം കുറഞ്ഞുപോയെന്നുപറഞ്ഞും കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ടും നിരന്തരപീഡനം : ഭർത്താവ് റിമാൻഡിൽ

പത്തനംതിട്ട : സ്ത്രീധനം കുറഞ്ഞുപോയെന്നുപറഞ്ഞും, കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ടും നിരന്തരമായി ശാരീരികമാനസിക പീഡനത്തിന് ഇരയാക്കിയ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഏറം തെക്കുമല പതാലിൽ വീട്ടിൽ ബിജു (52) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ ഭാര്യ പി എസ് കല(45)യെ ഈ കാരണത്താൽ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയയാക്കി വരികയായിരുന്നു. ഈ മാസം 11നാണ് ഇത് സംബന്ധിച്ച് പരാതി മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.
2020 ജൂൺ 25 ന് വിവാഹിതരായ വരാണ് ഇവർ ഈ വീട്ടിൽ താമസിച്ചു വരവേ, പതിവായി മർദ്ദിക്കുമായിരുന്നു എന്ന് കലയുടെ മൊഴിയിൽ പറയുന്നു. 11 ന് പുലർച്ചെ രണ്ടരയ്ക്ക് കട്ടിലിൽ ബലമായി പിടിച്ചു കിടത്തി കഴുത്തിൽ കൈലി കൊണ്ട് ചുറ്റിപ്പിടിച്ച് മുഖത്ത് വലതു കൈകൊണ്ട് ഇടിച്ച് ചുണ്ടിൽ മുറിവേൽപ്പിക്കുകയും, വലതു കൈവിരലിൽ മുറിവുണ്ടാക്കുകയും ചെയ്തു. പിന്നീട് തലമുടിയിൽ കുത്തിപ്പിടിച്ച് നെഞ്ചത്തും വയറ്റത്തും ചവിട്ടുകയും, തലയിലും ശരീരമാകെയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കുടിച്ചുകൊണ്ടിരുന്ന മദ്യം വായിലേക്ക് ഒഴിച്ചു, നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചും ഉപദ്രവിച്ചു.
ഇയാൾ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയ കല, അവിടെ നിന്നും പൈസയും എടുത്ത് ബസ്സിൽ കയറി പന്തളം പൂഴിക്കാടുള്ള ‘സ്നേഹിത’ യിൽ എത്തിയതായും പോലീസിനോട് പറഞ്ഞു. ഭർത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെ അകന്നു മാറി സഹോദരന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ഇവരെ 9 ന് മലയാലപ്പുഴയിൽ വച്ച് കണ്ട് സ്നേഹം നടിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ബിജു. വീട്ടിലെത്തിയ ശേഷം ദേഹോപദ്രവം തുടർന്നു.
അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന കലയുടെ മൊഴി മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയലക്ഷ്മി രേഖപ്പെടുത്തിയതിനെ തുടർന്ന്, പോലീസ് ഇൻസ്പെക്ടർ കെഎസ് വിജയൻ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഊർജ്ജമാക്കിയ അന്വേഷണത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ഉച്ചയ്ക്ക് 12:40ന് ബിജുവിനെ പിടികൂടി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം രണ്ടിന് അറസ്റ്റ് രേഖപ്പെടുത്തി.
നിരന്തരമായി ദേഹോപദ്രവം ഏൽപ്പിക്കുന്നത് സംബന്ധിച്ച പരാതികൾ കല പോലീസിൽ നൽകിയതിനെതുടർന്ന്, ബിജുവിനെ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി പലതവണ താക്കീത് നൽകി വിട്ടയച്ചിരുന്നു. കൂടാതെ കൗൺസിലിംഗ് നൽകുന്നതിന് വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായില്ല. നേരത്തെ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതിന് മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞവർഷം നവംബർ 19ന് ഭാര്യയെ മർദ്ദിച്ച് അവശയാക്കുകയും, കത്തിയെടുത്തെറിഞ്ഞ് വലതു കൈമുട്ടിനുതാഴെ ആഴത്തിൽ മുറിവ് ഉണ്ടാക്കുകയും ചെയ്തു. ഇവരുടെ മൊഴി പ്രകാരമെടുത്ത ഈ കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപുറമേ, 2022 ൽ ദേഹോപദ്രവം ഏല്പിച്ചതിനു എടുത്ത കേസിലും, കഞ്ചാവ് ഉപയോഗിച്ചതിനെടുത്ത കേസിലും ഇയാൾ ഉൾപ്പെട്ടു. നിരന്തരം ഉപദ്രവം തുടർന്ന ബിജു, വകവരുത്തുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഭാര്യയുടെ മൊഴിയിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement