സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. പാക്കിസ്ഥാൻ നേരിടുന്ന രൂക്ഷമായ ആഭ്യന്തര ജലക്ഷാമത്തിനിടയിലാണ് ഈ കടുത്ത പരാമർശം.
ദേശീയ-ജല സുരക്ഷകൾ ഭീഷണിയിലാണെന്ന് ബോധ്യപ്പെട്ടാൽ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും, ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ നീങ്ങുന്നുവെന്ന് തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീകരാക്രമണത്തെ തുടർന്നാണ് 1960-ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ പൂർണ്ണമായി അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.


പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളിൽ ഇപ്പോൾ ജലപ്രതിസന്ധി അതിരൂക്ഷമാണ്. ആഭ്യന്തര തർക്കങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാക് പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരെ പുതിയ യുദ്ധഭീഷണി മുഴക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.






