കഴിഞ്ഞവർഷം ഡിസംബർ 21 ന് മൂഴിയാർ പോലീസ് രജിസ്റ്റർ ചെയ്ത അബ്കാരി നിയമപ്രകാരമുള്ള കേസിലെ പ്രതികൾക്ക് വാറ്റുചാരായം എത്തിച്ചു നൽകിയയാളെ പിടികൂടി. സീതത്തോട് ആങ്ങമൂഴി, കൊച്ചാണ്ടി വെള്ളാപ്പള്ളിൽ വീട്ടിൽ നവാസ്(55) ആണ് ഇന്ന് അറസ്റ്റിലായത്. ഒന്നും രണ്ടും പ്രതികളായ സുജിത് മോൻ(40) അനീഷ് (41)എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി അന്വേഷണം തുടർന്നുവരവേയാണ് ഇന്ന് കസ്റ്റഡിയിലായത്. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.
കൊച്ചാണ്ടി ഇടുപ്പ് കല്ല് പബ്ലിക് റോഡിൽ ഇടുപ്പുകല്ല് വടക്കേക്കര എന്ന സ്ഥലത്ത് വാറ്റുചാരായം വില്പന നടത്തിയതിനാണ് അന്ന് മൂഴിയാർ പോലീസ് ഇൻസ്പെക്ടറായിരുന്ന എസ് ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടുപ്പുകല്ല് പുത്തൻപുരയിൽ സുജിത്ത് മോനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും 700 മില്ലി ലിറ്റർ വാറ്റുചാരായവും മറ്റും പിടിച്ചെടുത്തിരുന്നു. തുടർന്ന് റിമാൻഡ് ചെയ്തു. പോലീസ് സംഘത്തിൽ എസ് ഐ അനിൽകുമാർ എസ് സി പി ഒ സുധീഷ്, സി പി ഒ സച്ചിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
സുജിത്തിന് ഒപ്പം സ്ഥലത്തുണ്ടായിരുന്ന ഇടുപ്പുകല്ല് പറമ്പത്ത് വീട്ടിൽ അനീഷ് പോലീസിനെ കണ്ട് ഓടിപ്പോയിരുന്നു. പിന്നീട് ഒളിവിൽ പോയ രണ്ടാം പ്രതിയായ അനീഷിനെ ഈവർഷം ഫെബ്രുവരി ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരമാണ്, വാറ്റുചാരായം എത്തിച്ചു നൽകിയത് നവാസ് ആണെന്ന് തിരിച്ചറിഞ്ഞതും തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ഇന്ന് ആങ്ങാമൂഴിയിൽ കണ്ടെത്തി പിടികൂടിയതും. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Home അബ്കാരി കേസിൽ മൂന്നാം പ്രതി പിടിയിൽ