Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വധശ്രമക്കേസിൽ രണ്ടു പ്രതികൾ പിടിയിൽ

   മുൻവിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ കേസിൽ രണ്ടു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. നാലുപേർ ഉൾപ്പെട്ട വധശ്രമകേസിൽ രണ്ടുമൂന്നും പ്രതികളായ നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയിൽ ഐശ്വര്യ വീട്ടിൽ പങ്കു എന്ന് വിളിക്കുന്ന  വിഷ്ണു എസ് നായർ(27), നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് നടുവത്ത് പുത്തൻവീട്ടിൽ ഉണ്ട എന്ന പ്രമോദ് എസ് പിള്ള (47) എന്നിവരാണ് അറസ്റ്റിലായത്. കവിയൂർ ഞാലികണ്ടം ഇഞ്ചത്തടിയിൽ വിഷ്ണു വിജയകുമാറി (27)നാണ് പ്രതികളുടെ ആക്രമണത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
  തിങ്കളാഴ്ച രാത്രി 9:45 ന് ഉണ്ടപ്ലാവിലുള്ള  തട്ടുകടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കേസിലെ ഒന്നാംപ്രതിയുമായി വിഷ്ണുവിന്റെ സഹോദരൻ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിൽ വിഷ്ണു ഇടപെട്ടതിന്റെ വിരോധം കാരണമാണ് ഇയാൾക്ക് നേരെ വധശ്രമം ഉണ്ടായത്. ഇയാളും സുഹൃത്ത് ജെബിനും തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ, അവിടെ ആഹാരം കഴിച്ചു കൊണ്ടിരുന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു. ആഹാരം കഴിക്കേണ്ട എന്ന് ആക്രോശിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു കൊണ്ടാണ് പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത്. 
  രണ്ടാംപ്രതി വിഷ്ണു കഴുത്തിൽ കുത്തിപ്പിടിച്ച് അടിച്ചു, മൂന്നാം പ്രതി പ്രമോദ് കഴുത്തിനും പിടലിയ്ക്കും  മർദ്ദിച്ചു. ഈ സമയം ഒന്നാംപ്രതി അരയിൽ കരുതിയ കത്തികൊണ്ട് വിഷ്ണുവിന്റെ പുറത്ത് രണ്ടു തവണ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. നാലാം പ്രതിയും ഇയാളെ മർദ്ദിച്ചു, തുടർന്ന് രണ്ടാം പ്രതി കയ്യിലിരുന്ന കത്തികൊണ്ട് വലതു കൈയിൽ കുത്തിപരിക്കേൽപ്പിക്കുകയും പിന്നീട് കവിളിൽ അടിക്കുകയും ചെയ്തു. വിഷ്ണു ചികിത്സയിൽ കഴിയുന്ന വിവരമറിഞ്ഞ് ആശുപത്രിയിലെത്തി എ എസ് ഐ പ്രബോധ് ചന്ദ്രൻ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക ആവശ്യങ്ങൾക്ക് കോഴിക്കോട് ആയിരുന്ന പുളിക്കീഴ് എസ് എച്ച് ഓ യുടെ താൽക്കാലിക ചുമതല വഹിച്ചു വന്ന തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ്‌ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
  ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതികൾക്കായുള്ള തെരച്ചിൽ  വ്യാപകമാക്കിയിരുന്നു.  തിരുവല്ല പോലീസ് മണിക്കൂറുകൾക്കുള്ളിൽ രണ്ടു പ്രതികളെ പിടികൂടി. പിന്നീട് പുളിക്കീഴ് പോലീസ് അവിടെയെത്തി പ്രതികളെ ഏറ്റെടുത്ത് കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച  പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. 
  വധശ്രമം,  സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്  പുളിക്കീഴ്, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ പ്രതിയാണ് വിഷ്ണു എസ് നായർ. പുളിക്കീഴ് പോലീസ്  നേരത്തെ എടുത്ത ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രമോദ് എസ് പിള്ള. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ്‌( എസ് എച്ച് ഓ ഇൻ ചാർജ് ), പുളിക്കീഴ്  എസ് ഐ സതീഷ് കുമാർ,  എ എസ് ഐ പ്രബോധചന്ദ്രൻ, എസ് സി പി ഓ രവികുമാർ,  സി പി ഓമാരായ  അനിൽ, വിനീത്,  അരുൺദാസ്,   രഞ്ജു കൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement