പത്തനംതിട്ട : ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡുകൾ തുടരുന്നു, ഡാൻസാഫ് ടീമും തിരുവല്ല പോലീസും ചേർന്ന് നടത്തിയ കഞ്ചാവു വേട്ടയിൽ ഒഡിഷ സ്വദേശി തിരുവല്ലയിൽ പിടിയിലായി. ഒഡിഷ സാമ്പൽപൂർ ഗജപ്തി ജാലറസിങ്ങിന്റെ മകൻ അജിത് ചിഞ്ചണി (27) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിലാണ് ഇയാൾ തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ഇന്നലെ രാത്രി പന്ത്രണ്ടിനുശേഷം പിടിയിലായത്. ഇയാളിൽ നിന്നും 14 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ബാഗുകളിലായി മാസ്കിങ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ 7 പൊതികളിലായാണ് കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കറൻസി നോട്ടുകളും എ ടി എം കാർഡുകളും മൊബൈൽ ഫോണും കണ്ടെടുത്തു. തിരുവല്ല പോലീസ് തുടർ നടപടികൾ കൈകൊണ്ടു.
ദിവസങ്ങളായി യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. എസ് ഐ ജി ഉണ്ണികൃഷ്ണൻ,ഗ്രേഡ് എസ് ഐ സനിൽ,പ്രൊബേഷൻ എസ് ഐ ജയ്മോൻ, എ എസ് സി വിനീത്, എസ് സി പി ഒമാരായ സുശീൽ കുമാർ, ഷാനവാസ് എന്നിവരാണ് തിരുവല്ല പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
സ്ഥിരം കഞ്ചാവ് വാഹകനാണ് പ്രതി, രണ്ടാഴ്ച്ചക്ക് മുമ്പും ഇയാൾ ഒഡിഷയിൽ നിന്നും തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലും , തിരുവല്ല ഉൾപ്പെടെ പത്തനംതിട്ട ജില്ലയിലെ മറ്റു സ്ഥലങ്ങളിലും വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഒഡിഷയിൽ നിന്നും ട്രെയിനിൽ ചെങ്ങന്നൂരെത്തിയശേശം, ബസിൽ തിരുവല്ലയിൽ വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുകൊണ്ട്, ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്.
ഇത്തവണയും ഇങ്ങനെ ഉദ്ദേശിച്ചാണ് വന്നത്, എന്നാൽ വിവരം രഹസ്യമായി മനസ്സിലാക്കിയ പോലീസ് സംഘം ഇയാൾക്കു വേണ്ടി വലവിരിച്ച് കാത്തുനിന്നു. തിരുവല്ല ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി കച്ചവടം ഉറപ്പാക്കാൻ തീരുമാനിച്ച് എത്തിയ ഇയാൾ പക്ഷെ, ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്നൊരുക്കിയ വലയിൽ വീഴുകയായിരുന്നു. വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവിനുവേണ്ടി പണം മുടക്കിയവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Home പോലീസിന്റെ വൻ കഞ്ചാവുവേട്ട : 14 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി തിരുവല്ലയിൽ പിടിയിൽ