തടിയൂർ : കായിക ലോകത്തിന് ആവേശമായി പിക്കിൾ ബോൾ എന്ന പുതുതലമുറ ഗെയിം.
1965 ൽ വാഷിംഗ്ടണിലെ ബെയിൻബ്രിഡ്ജ് ഐലൻഡിൽ തുടങ്ങിയ ഈ ഗെയിം ലോകമാകെ പ്രചരിക്കുന്ന കളികളിൽ ഒന്നാണ്. ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയോട് സാദൃശ്യമുള്ള കളി ബാഡ്മിന്റൺ കോർട്ടുമായി സാമ്യമുള്ള കളത്തിലാണ് നടക്കുന്നത്. ടെന്നീസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്, ടേബിൾ ടെന്നീസിന് ഉപയോഗിക്കുന്ന പോലെയുള്ള പാഡിൽ, അകം പൊള്ളയായ പ്ലാസ്റ്റിക് ബോൾ എന്നിവയാണ് പിക്കിൾ ബോളിന് ഉപയോഗിക്കുന്നത്.
പിക്കിൾബോളിന്റെ പ്രഥമ സംസ്ഥാന പരിശീലക ട്രെയിനിങ് & സർട്ടിഫിക്കേഷൻ ക്ലിനിക്ക് ശനിയാഴ്ച രാവിലെ 10 മണി മുതൽ തടിയൂർ ആൽഫാ സ്പോർട്സ് അക്കാദമിയിൽ വച്ച് നടക്കുന്നതായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്ന 25 പരിശീലകർക്കാണ് ആദ്യഘട്ട സർട്ടിഫിക്കേഷൻ നൽകുന്നത്. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫസർ പി. ജെ കുര്യൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും.
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കളിക്കാർക്കായുള്ള പരിശീലന ക്യാമ്പ് വിദ്യാഭ്യാസ വിചക്ഷണനും യു. എസ്. എ യിലെ പിക്കിൾബോൾ വെറ്ററൻസ് കായിക താരവുമായ മലയാളി വൈദികൻ, ഫാദർ ഡോ. സി. കെ. രാജൻ ഉദ്ഘാടനം ചെയ്യും.
ആൾ ഇന്ത്യ പിക്കിൾബോൾ അസോസിയേഷൻ സെക്രട്ടറി & ടൂർണമെന്റ് ഡയറക്ടർ ചേതൻ സനിൽ, പിക്കിൾബോൾ ഇന്ത്യൻ ടീം കോച്ച് വിജയ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പരിശീലക സർട്ടിഫിക്കേഷനും, ടെന്നീസ് ദേശീയ വെറ്ററൻസ് കായികതാരം ജോർജ് തോമസിന്റെ മേൽനോട്ടത്തിൽ കോച്ചിങ് ക്ളാസുകളും നടക്കുമെന്ന് പിക്കിൾ ബോൾ അസോസിയേഷൻ സംസ്ഥാന ചെയർമാൻ സന്തോഷ് കൊച്ചുപറമ്പിലും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജേക്കബ് ബിജോ ഡാനിയേലും അറിയിച്ചു.