ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ നിന്നും വിളച്ചിറക്കിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പുഴശേരി
കുഴിക്കാല ചരിവുപറമ്പിൽ വീട്ടിൽ വിമൽ വിജയൻ(23) ആണ് പിടിയിലായത്. 2024 ഡിസംബറിലാണ് ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. 4 ന് രാത്രി 10.45 ന് ബൈക്കിലെത്തി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൈതക്കൽ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ച് ആറന്മുള പോലീസ് ഇയാളുടെ ഫോണിലേക്ക് വിളിച്ചതിനെതുടർന്ന്, കുട്ടിയെ തിരികെ വീട്ടിൽ കൊണ്ടുവിട്ടശേഷം സ്ഥലംവിട്ടു. 5 ന് വനിതാ എസ് ഐ കെ ആർ ഷെമിമോൾ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ആറന്മുള പോലീസ് പ്രതിയെ കുഴിക്കാലയിൽ നിന്നും പിടികൂടി. ഇതിനുമുമ്പും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുള്ളതായി കുട്ടി പോലീസിനോട് വെളിപ്പെടുത്തി.രാത്രി 9.30 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മല്ലപ്പള്ളിയിലുള്ള വാഹനഷോറൂമിൽ വാട്ടർ വാഷിംഗ് ജോലി ചെയ്തുവരികയാണ് പ്രതി.പ്രതിയെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.