ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും, തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല മരുതുവാർവെട്ടം ഗീതാ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന കൃഷ്ണജിത്ത് (20) ആണ് പിടിയിലായത്. പത്തനംതിട്ട ശിശുക്ഷേമസമിതി മുൻകൈയെടുത്ത് കോഴഞ്ചേരി വൺസ് സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ച പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയപ്പോൾ, മറ്റൊരു ലൈംഗികാതിക്രമത്തെ പറ്റിയും പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
ഈ വർഷം ഫെബ്രുവരി 9 ന് രാത്രി 9 നാണ് യുവാവ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്. തുടർന്ന് ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് അടുത്ത ദിവസം പുലർച്ചെ ഒരു മണിയോടെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയ ശേഷമായിരുന്നു പീഡനം. പെൺകുട്ടി കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിൽ താമസിച്ചു വരുന്നതായി വിവരം ശിശു ക്ഷേമ സമിതിയിൽ നിന്നും ലഭിച്ചതുപ്രകാരം, തിരുവല്ല പോലീസ് അവിടെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇന്നലെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞമാസം 20 മുതൽ ഇവിടെ പാർപ്പിക്കപ്പെട്ട കുട്ടിക്ക് ശിശു ക്ഷേമ സമിതി മുൻകൈയ്യെടുത്ത് കൗൺസിലിംഗ് ലഭ്യമാക്കി.
അച്ഛന്റെ ഫോണിൽ രാത്രി 9 മണിക്ക് ശേഷം വിളിച്ചിറക്കിയാണ് പ്രതി കുട്ടിയെ കടത്തികൊണ്ടുപോയതെന്ന് മൊഴിയിൽ പറയുന്നു. പിറ്റേന്ന് പുലർച്ചെ വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും, വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. വൈകിട്ട് 4 ന് വീട്ടിൽ കൊണ്ടാക്കിയതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വിവരം ആരെങ്കിലും അറിഞ്ഞാൽ യുവാവ് തന്നെ വിട്ടു പോകുമെന്നും കല്യാണം കഴിക്കാതിരിക്കുമെന്നും ഭയപ്പെട്ടിരുന്നതായും, മുമ്പ് പലതവണ പരസ്പരം പലയിടങ്ങളിൽ വച്ച് കണ്ടിട്ടുണ്ടെന്നും, കെ എസ് ആർ ടി സി ബസിലാണ് പ്രതിയുടെ വീട്ടിൽ പോയതെന്നും മറ്റും മൊഴിനൽകി.
തുടർന്ന്, പ്രതിക്കായി നടത്തിയ തെരച്ചിലിൽ തൃപ്പൂണിത്തുറയിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. മൊബൈലിൽ കുട്ടിയെ ഫോട്ടോ കാട്ടി തിരിച്ചറിയുകയും മറ്റ് നടപടികൾക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു..പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി, മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഘത്തിൽ എസ് ഐ ഡി ബിജു , ഏ എസ് ഐ ജയകുമാർ
എസ് സി പി ഓമാരായ ജയ , അഖിലേഷ് , സി പി ഒ അവിനാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.