തിരുവല്ല. അതിവേഗ മാറ്റങ്ങൾക്ക് വിധേയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഒരാൾക്കും ഒറ്റപ്പെട്ട് നിൽക്കാനാവില്ലെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കെ. കെ സാജു അഭിപ്രായപ്പെട്ടു. മാർത്തോമ്മാസഭ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ തിരുവല്ല ടൈറ്റ് സെക്കന്റ് ടീച്ചേർഴ്സ് ട്രെയിനിങ് കോളേജിൽ സംഘടിപ്പിച്ച അക്കാഡമിക് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറ്റങ്ങൾ ഉൾകൊള്ളാനും കാലാനുസൃതമായി മാറാനും അദ്ധ്യാപകർ തയ്യാറാകണം. ഇല്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല. നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ പഠന- ഗവേഷണ പ്രക്രീയ ഉടച്ചു വാർക്കപ്പെടുന്നു. ഇതിനുസരിച്ചു അക്കാഡമിക് മേഖല പരിഷ്കരിക്കപ്പെടുകയും അദ്ധ്യാപക സമൂഹം നവീകരിക്കപ്പെടുകയും വേണം. കഠിനാധ്വാനവും നിശ്ചയദാർഡ്യവും കൃത്യനിഷ്ഠയും ഉണ്ടാകണം. പുതിയ അറിവുകൾ ആർജിക്കണം.മൂല്യബോധമുള്ള സമൂഹമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അദ്ധ്യാപനം ഒരു തൊഴിലായി കാണുന്ന മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു. സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മൻ അദ്യക്ഷനായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖല സമീപനങ്ങളിലും ലക്ഷ്യങ്ങളിലും വന്ന മാറ്റങ്ങളെ പറ്റി സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കുഞ്ചറിയ. പി. ഐസക്, അറിവ് വ്യാപനവും അദ്ധ്യാപകരും എന്ന വിഷയത്തിൽ ബാംഗ്ലൂർ അലയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. റീബാ കോശി എന്നിവർ ക്ലാസ് നയിച്ചു. അക്രഡിറ്റേഷൻ പുതിയ ഘടനയെപ്പറ്റി തിരുച്ചിറപ്പള്ളി എൻ. ഐ. ടി പ്രൊഫസർ ഡോ. സാംസൺ മാത്യു സംസാരിച്ചു. സമാപന സമ്മേളനം മാർത്തോമ്മാ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസന അദ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലിത്ത മുഖ്യ സന്ദേശം നൽകി. ഉന്നത വിദ്യാഭ്യാസ കമ്മിഷൻ സെക്രട്ടറി ഡോ. ഐസി. കെ. ജോൺ, ടൈറ്റ് സെക്കന്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. സുനില തോമസ്, ഡോ. ജോർജ് വർഗീസ്, പ്രൊഫ. അലക്സാണ്ടർ. കെ. സാമൂവൽ, ഡോ. അലക്സ് മാത്യു, ഡോ. രാജൻ വർഗീസ്, ഡോ. നിമ്മി മറിയ ഉമ്മൻ, ഡോ. സാം തോമസ് ജോയി എന്നിവർ പ്രസംഗിച്ചു. വിരമിച്ച പ്രിൻസിപ്പാൾ മാരെയും അദ്ധ്യാപകരെയും സമ്മേളനം ആദരിച്ചു.