Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഫെബ്രുവരി 9 മുതല്‍ 16 വരെ

    ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ വിശാലമായ പന്തലില്‍ നടക്കും. ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച 2.30 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും 22-ാം മാര്‍ത്തോമ്മായുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. 
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ (ണ.ഇ.ഇ.) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്. 
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ  ബൈബിള്‍ ക്ലാസ്സുകള്‍ കണ്‍വന്‍ഷന്‍ പന്തലിലും കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലിലും നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. 
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങള്‍ നടത്തപ്പെടും. ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന  എക്യുമെനിക്കല്‍ സമ്മേളനത്തിന് വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും. അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നല്‍കും. ഉച്ച കഴിഞ്ഞുള്ള ലഹരിവിമോചന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ സന്ദേശം നല്‍കും. ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 7.30 വരെ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക സമ്മേളനം നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രസംഗിക്കും. 
വ്യാഴാഴ്ച ഉച്ച കഴിഞ്ഞു  2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും  നടത്തപ്പെടും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന മിഷനറി സമ്മേളനത്തില്‍ കൊളംബിയാ ബൈബിള്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടര്‍ അലോയോ പ്രസംഗിക്കും.  
    എല്ലാ ദിവസവും സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളും പന്തലില്‍ നടക്കും.  
ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഹിന്ദി & മറാഠി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും. 
കണ്‍വന്‍ഷനോടനുബന്ധിച്ച് ഫെബ്രുവരി 1 ന് പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശ്ശേരി കടവില്‍ മാളികയില്‍ നിന്ന് ആരംഭിച്ച്  മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സമാപിക്കും. പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര അഭിവന്ദ്യ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 8 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. പരിസ്ഥിതി സൗഹൃദ  സമ്മേളനം വൈകിട്ട് 4 മണിക്ക് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4 മണിക്ക് നടത്തപ്പെടും. സണ്‍ഡേസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും അന്നേ ദിവസം 2 മണിക്ക് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടക്കും.  
പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്ക് സമര്‍പ്പിക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ ഫെബ്രുവരി 14-ാം തീയതി വെള്ളിയാഴ്ചയും 12 വയസ്സിന് മുകളിലുള്ള പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 15-ാം തീയതി ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തപ്പെടും. 
16-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമണ്‍, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളില്‍ വച്ച് വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന്  നടക്കുന്ന സമാപന സമ്മേളനത്തില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.  മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സമാപന സന്ദേശത്തോടു കൂടി 130-ാം മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിക്കും.
മാരാമണ്‍ മണല്‍പ്പുറത്തേക്കുള്ള താല്‍ക്കാലിക പാലങ്ങളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പന്തലിന്റെ പണികള്‍ പുരോഗമിക്കുന്നു. ഓലമേയല്‍ ജനുവരി 29 രാവിലെ 7 മണിയ്ക്ക് സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഫെബ്രുവരി 5 ന് പൂര്‍ത്തീകരിക്കും. ഈ വര്‍ഷം കുട്ടിപന്തല്‍ ഓല മേയുന്നത് കുട്ടികളുടെ സഹകരണത്തിലാണ്. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു.  

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement