കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരഭൂമികളിൽ വീണ്ടും കനലെരിയാൻ ഇടയായിരിക്കുന്നു. പദ്ധതിക്കായി വിജ്ഞാപനം ചെയ്ത സർവ്വേ നമ്പറുകളിൽ പെട്ട ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും പദ്ധതി ചാപ്പിള്ളയായി പോയതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാൽ ആ സമാധാനാന്തരീക്ഷ ത്തിലേക്കാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ബോംബ് വർഷം പോലെ പതിച്ചത്. ഉൾവലിഞ്ഞു നിന്ന ഇരകളും സമരപ്രവർത്തകരും എല്ലാം അതോടെ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു. പ്രഖ്യാപനം വന്ന നിമിഷം മുതൽ പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളുമായി കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെറുത്തുനിൽപ്പിന് ഒരുങ്ങി കഴിഞ്ഞു. സർവ്വ സർക്കാർ സന്നാഹങ്ങളും ഉപയോഗിച്ച് കടന്നുവന്നിട്ടും അവരെ മുട്ടുമടക്കിപ്പിച്ച പഴയ സമര വീര്യത്തോടെ ഇതും കെട്ടുകെട്ടിക്കും എന്നാണ് അവരുടെ പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി കെ – റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് ഇരവിപേരൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
25000 പേർ ഒപ്പിട്ട ഭീമ ഹർജ്ജി സമർപ്പിക്കാൻ ഓഗസ്റ്റ് 6-നു എം. പിമാരോടൊപ്പം റെയിൽ ഭവനിൽ വെച്ചു കണ്ടപ്പോൾ തങ്ങളോടു പറഞ്ഞതീനു നേർ വിപരീദമാണ് റെയിൽ മന്ത്രി അശ്വനി വൈഷ്ണവിന്റെ സിൽവർ ലൈൻ സംബന്ധിച്ച് നടത്തിയ പ്രസ്താവനയെന്ന് പുതുശ്ശേരി പറഞ്ഞു.
ആരെല്ലാം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പഴയതിനേക്കാൾ ശക്തമായ പ്രതിരോധം തീർക്കുമെന്നും പുതുശ്ശേരി പറഞ്ഞു.
ഒരിക്കലും പരിഹരിക്കാനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളും നിവരാനാവാത്ത കടക്കണിയും ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കും സൃഷ്ടിക്കുന്ന ഒരു പദ്ധതിയെ എന്തടിസ്ഥാനത്തിലാണ് അനുകൂലിക്കുന്നതെന്ന് റെയിൽവേമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ചെന്ന് കണ്ട ശേഷം നയം മാറ്റത്തിലേക്ക് നയിച്ച എന്താണ് ഉണ്ടായതെന്ന് കൂടി കേന്ദ്രമന്ത്രി വ്യക്തമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു.
സമിതി സംസ്ഥാന വനിതാ കൺവീനർ ശരണ്യ രാജ്, കെ. ആർ. പ്രസാദ്, സുനിൽ മറ്റത്ത്, അനീഷ് വി. ചെറിയാൻ, സ്റ്റാൻലി സാമുവേൽ, ബിനു ബേബി, ഗോപി മോഹനൻ, സാമുവൽ ചെറിയാൻ, എത്സാ തോമസ്, ഷേർളി ജെയിംസ്, വർഗീസ് ജോർജ്, ടി. എസ്. എബ്രഹാം, എം. കെ. രഘുനാഥ്, സജി ചാക്കുമൂട്ടിൽ, എബി തോമസ്, സുരേഷ് സ്രാമ്പിക്കൽ, ടി. എം. മാത്യു, ലിനു നെല്ലിമല, കെ. എൻ. രവീന്ദ്രൻ, വർഗീസ് ജോൺ, വർഗീസ് കോശി എന്നിവർ പ്രസംഗിച്ചു