ക്ഷീര വികസന വകുപ്പിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായ ജില്ലാ ക്ഷീരസംഗമം – നിറവ് 2025 ൻ്റെ രണ്ടാം ദിനമായ ഇന്ന് കന്നുകാലി പ്രദർശന മത്സരം നടന്നു. വിവിധയിനങ്ങളിൽ പെട്ട കറവപ്പശുക്കളും കന്നുകുട്ടികളും കിടാരികളും പങ്കെടുത്ത മത്സരം പന്തളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശ്വതി വിനോജ് ഉദ്ഘാടനം ചെയ്തു . കറവപ്പശു, കിടാരി വിഭാഗങ്ങളിൽ അരുൺ, അയിരുമുട്ടത്തിൽ എന്നയാളുടെ ഉരുക്കൾക്കും കന്നുകുട്ടി വിഭാഗത്തിൽ ശോഭാ സന്തോഷ് ലക്ഷ്മി സദനം എന്നയാളുടെ ഉരുവിനും ഒന്നാം സമ്മാനം ലഭിയ്ക്കുകയുണ്ടായി. 18 ന് ബഹു. ക്ഷീരവികസന വകുപ്പ് മന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം ഉണ്ടായിരിക്കുന്നതാണ്. കന്നുകാലി പ്രദർശനത്തോടനുബന്ധിച്ച് മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷാ ക്യാമ്പും നടന്നിരുന്നു. തുടർന്ന് സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയും വെൽഫെയർ ബോർഡിൻ്റെ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ജില്ലയിലെ ക്ഷീരസംഘം ജീവനക്കാർക്കുള്ള ശിൽപശാലയും ഉച്ചയ്ക്ക് ശേഷം പ്രശ്നോത്തരി, വിവിധ കലാപരിപാടികൾ എന്നിവയും നടക്കുകയുണ്ടായി.
ക്ഷീരസംഗമത്തിൻ്റെ മൂന്നാം ദിനമായ 18 ന് ക്ഷീര കർഷക സെമിനാർ, പൊതുസമ്മേളനം എന്നിവ നടക്കും. ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്നതും ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ക്ഷീര സംഗമത്തിൻ്റെ ഭാഗമായി കോട്ട ദേവീ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ള വിവിധ സ്റ്റാളുകൾ കർഷകർക്കും പൊതുജനങ്ങൾക്കും സന്ദർശിക്കാവുന്നതാണ്. ക്ഷീരകർഷക്ക് പ്രയോജനപ്രദമായ വിവിധ ഉപകരണങ്ങൾ, കാലിത്തീറ്റകൾ, ധാതു ലവണ മിശ്രിതങ്ങൾ എന്നിവ വിലക്കുറവിൽ ഈ സ്റ്റാളുകളിൽ നിന്നും ലഭിയ്ക്കുന്നതാണ്.