പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം തനിമ ഹോട്ടലിന്റെ മുൻവശത്തുനിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. മലയാലപ്പുഴ താഴം അംബേദ്കർ കോളനി ഇളക്കുളത്ത് നിരവേൽ വീട്ടിൽ മിഥുൻ (24) ആണ് അറസ്റ്റിലായത്. മലയാലപ്പുഴ ഏറം തലച്ചിറ പൂക്കോട്ടു വീട്ടിൽ കിഷോർ രാജിന്റെ സ്കൂട്ടർ കഴിഞ്ഞ മാസം നാലിന് ഉച്ചയ്ക്ക് രണ്ടോടുകൂടിയാണ് മോഷണം പോയത്. സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു. എസ് ഐ ഷിജു പി സാമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ, ഇയാൾ സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുന്നത് വ്യക്തമായി. മോഷ്ടാവിനായുള്ള അന്വേഷണം തുടരവേ ഇരുപതിന് റാന്നി ഇട്ടിയപ്പാറ കെഎസ്ആർടിസി സ്റ്റാൻഡിന് വടക്കുവശം പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ പോലീസ് കണ്ടെത്തി. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജമാക്കിയതിനെ തുടർന്ന്, ഈമാസം 6 ന് മലയാലപ്പുഴയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതികുറ്റം സമ്മതിച്ചു. 7 ന് അറസ്റ്റ് രേഖപ്പെടുത്തി. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി എസ് ന്യൂമാന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ കെ സുനുമോന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ ഷിജു പി സാം, ജൂനിയർ എസ് ഐ പി പി ദീപക്, എസ് സിപിഓ മാരായ അജയൻ, വിജേഷ്, സിപിഓ മാരായ സുമൻ, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.
Home സ്കൂട്ടർ മോഷ്ടാവ് പിടിയിൽ