ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിയ മണികണ്ഠസ്വാമിയെ നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ തിരികെ ഏൽപ്പിച്ച് പോലീസ്. മലപ്പുറത്തുനിന്നുള്ള 12 കാരനാണ് ഇന്ന് രാവിലെ ഏട്ടരയോടെ കൂട്ടംതെറ്റി പിരിഞ്ഞത്. മാളികപ്പുറത്തുവച്ചാണ് കൂട്ടരിൽ നിന്നും മണികണ്ഠസ്വാമി ഒറ്റപ്പെട്ടത്. ഭയചകിതനായ കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ട, ധനലക്ഷ്മി ബാങ്കിന്റെ സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, മലപ്പുറം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ നിന്നുള്ള രജീഷിന്റെ അടുക്കലേക്ക് കുട്ടിയെ എത്തിച്ചു. രജീഷ് കുട്ടിയിൽ നിന്നും ഫോൺ നമ്പർ വാങ്ങി ബന്ധുവിനെ വിളിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞു പരിഭ്രാന്തരായി നടക്കുകയായിരുന്ന ബന്ധുക്കൾക്ക് പോലീസുദ്യോഗസ്ഥന്റെ വിളി സമാധാനമേകി. ആശ്വാസത്തോടെ അവർ രജീഷിന്റെ അടുക്കലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ചെറിയച്ഛൻ ഉൾപ്പെടുന്ന സംഘത്തിന് അല്പനേരമെങ്കിലും അനുഭവിക്കേണ്ടിവന്ന ആകുകലതയും സങ്കടവും അതോടെ പമ്പകടന്നു. പോലീസിന് സ്വാമിമാരുടെ ആ ചെറുസംഘം ഹൃദയം നിറഞ്ഞ നന്ദിയും പറഞ്ഞു.