സിന്തറ്റിക് ട്രാക്കിന്‍റെ നിര്‍മ്മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു
മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണം. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. സിന്തറ്റിക് ട്രാക്കിന്‍റെ നിര്‍മ്മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. സമയബന്ധിതമായി ട്രാക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍മ്മാണത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പവലിയന്‍ ഒന്നിന്റേയും രണ്ടിന്റേയും നിര്‍മ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിട തട്ട് എടുത്തിട്ടുണ്ട്. പവലിയനിലെ റിഫ്രഷ്‌മെന്റ് റൂമുകള്‍, ടോയിലറ്റുകള്‍ എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
കിഫ്ബി വഴി 47.92 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക് നിര്‍മാണ ജോലികള്‍, നീന്തല്‍ കുള നിര്‍മാണം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്കുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നു. ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നുണ്ട്. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പൈല്‍ ക്യാപ് പകുതിയിലധികം പൂര്‍ത്തിയായി. നീന്തല്‍ക്കുളത്തിന്റെ പൈലിങ് ക്യാപ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. നീന്തല്‍ കുളത്തിന് സമീപത്തുള്ള ബാലന്‍സിംഗ് ടാങ്ക് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. തോട് സംരക്ഷണ ഭിത്തി നിര്‍മാണം 80% പൂര്‍ത്തിയായി. ഇവയെല്ലാം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.