പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും 1,65,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോട്ടാങ്ങൽ വായ്പൂർ കൊടുമുടിശ്ശേരിപ്പടി യിൽ ചാച്ചി എന്ന് വിളിക്കുന്ന ബിജു കെ ആന്റണി (59) ആണ് ശിക്ഷിക്കപ്പെട്ടത്. സ്പെഷ്യൽ ജഡ്ജി ടി മഞ്ചിത്തിന്റെതാണ് വിധി. പെരുമ്പെട്ടി പോലീസ് 2023 രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. 2022 ജൂണിലെ ഒരു ദിവസം വൈകിട്ട് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചു.
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം പുലർച്ചെ 4.30 മുതൽ 2023 സെപ്റ്റംബർ 26 പുലർച്ചെ 5 വരെ പലദിവസങ്ങളിൽ വീടിന്റെ വർക്ക് ഏരിയയിൽ വച്ചും കിടപ്പുമുറയിൽ വച്ചും പലതവണ ബലാത്സംഗത്തിന് ഇരയാക്കി. വിവരം പുറത്തുപറഞ്ഞാൽ കുട്ടിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്. അന്നത്തെ പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.
പോക്സോ നിയമത്തിലെ 6,5 വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും, അതിക്രമിച്ചുകടന്നതിന് പത്തുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, പോക്സോ നിയമത്തിലെ 8,7 വകുപ്പുകൾ അനുസരിച്ച് 3 വർഷം കഠിന തടവും 10000 രൂപയും, ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ അടക്കാതിരുന്നാൽ ഒമ്പതര മാസത്തെ അധികകഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.
Home പോക്സോ കേസിൽ പ്രതിക്ക് 34 വർഷത്തെ കഠിന തടവും പിഴയും