ആവലാതികൾക്കും ആവശ്യങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കുന്ന ഇടങ്ങളായി പോലീസ് സ്റ്റേഷനുകൾ മാറുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്.
സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ അവയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ അറിയിക്കാൻ പുതുതായി ഏർപ്പെടുത്തിയ ഫോൺ നമ്പരിന്റെ ജില്ലാതല ഉത്ഘാടനം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. 9497908554 എന്ന പുതിയ മൊബൈൽ നമ്പർ പബ്ലിക് ഫീഡ്ബാക്ക് നമ്പർ ആയി ആരംഭിച്ചിരിക്കുന്നത്.
പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് പോലീസിൽ നിന്നുള്ള അനുഭവവും പരാതികളിൽ എടുത്ത നടപടികളും മറ്റും അറിയിക്കാനുള്ള ക്യൂ ആർ കോഡ് സംവിധാനം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും നിലവിലുണ്ട്. ഇതിന്റെ സ്വീകാര്യത ഉയർത്തുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഔദ്യോഗിക ഉത്ഘാടനമാണ് വൈകിട്ട് 4.30 ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നടന്നത്.
സ്റ്റേഷനിൽ നിലവിലുള്ള ക്യൂ ആർ കോഡ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സ്കാൻ ചെയ്ത് സ്റ്റേഷനിലുണ്ടായ അനുഭവങ്ങൾ, നടപടികൾ സംബന്ധിച്ച അഭിപ്രായങ്ങൾ അതിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗ്‌ൾ ഷീറ്റിൽ രേഖപ്പെടുത്താൻ സാധിക്കും. ഇതിന് പുറമെയാണ് പുതിയ ഫോൺ നമ്പർ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നമ്പരിൽ പരാതികൾ തുടങ്ങിയുള്ള ഏത് കാര്യത്തിനും സ്റ്റേഷനിൽ നിന്ന് ലഭിച്ച പ്രതികരണം അറിയിക്കാം. ജില്ലാ പോലീസ് ഓഫീസിൽ പ്രവർത്തിക്കുന്ന പെറ്റീഷൻ സെല്ലിൽ ഈ നമ്പരിൽ ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിക്കും. കൂടാതെ ക്യൂ ആർ കോഡ്, തുണ പോർട്ടൽ തുടങ്ങിയവ മുഖേനയുള്ള സന്ദേശങ്ങളും പ്രതികരണങ്ങളും പരിശോധിക്കും. ഇതുവഴി തുടർ നടപടികൾ വേഗത്തിലാവുകയും ചെയ്യും.
സ്റ്റേഷനുകളിലെ നിലവിലെ ക്യൂ ആർ കോഡ് പോസ്റ്ററിനടുത്തുതന്നെ പുതിയ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ നമ്പറിൽ വാട്സാപ്പ് സൗകര്യം ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാവുന്നതുമാണ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യൂ ആർ കോഡിനോട് ചേർന്ന് പുതിയ നമ്പർ ഇന്ന് പതിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. പൊതുജനങ്ങൾക്കുള്ള സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും, ആധുനിക കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കാര്യക്ഷമമായി പോലീസിന് പ്രവർത്തിക്കാനും, ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാനും ഇതുപോലെയുള്ള നടപടികൾ ഉപകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പരിപാടിയിൽ അഡിഷണൽ എസ് പി പി വി ബേബി, പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാൻ, പോലീസ് ഇൻസ്‌പെക്ടർ കെ സുനു കുമാർ തുടങ്ങിയവർ സംബന്ധിച്ചു.