നീണ്ട 46 വർഷത്തെ പ്രവാസജീവിതത്തിനുശേഷം ആദ്യമായി പോള്‍ സേവ്യർ ജന്മനാട് കണ്ടു. ഓർമ നഷ്ടപ്പെട്ട നിലയില്‍ ആശുപത്രിയിലായിരുന്ന പോളിനെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെതുടർന്നാണ് നാട്ടിലെത്തിക്കാനായത്.എറണാകുളം പള്ളുരുത്തി ഇ.എസ്.ഐ റോഡ് പുന്നക്കാട്ടിശ്ശേരി പോള്‍ സേവ്യർ തന്റെ 19ാം വയസ്സിലാണ് ബഹ്റൈനിലെത്തുന്നത്. 1978ല്‍ കപ്പലിലായിരുന്നു യാത്ര.ബഹ്റൈനിലെത്തിയ നാള്‍മുതല്‍ നിർമാണമേഖലയിലായിരുന്നു ജോലി. നാട്ടില്‍നിന്ന് പോന്ന് ആദ്യ വർഷങ്ങളില്‍ മാതാവ് സിസിലിയുമായി കത്തിടപാടുണ്ടായിരുന്നതായി സഹോദരങ്ങള്‍ ഓർമിക്കുന്നു. പിന്നെ പിന്നെ കത്തുകള്‍ വരാതായി. വർഷങ്ങള്‍ക്കുശേഷം ഒരു സഹോദരി ഷാർജയില്‍ ജോലി തേടി എത്തിയിരുന്നു.
അവർ ബഹ്റൈനിലെ വിലാസത്തില്‍ കത്തയച്ചു. പക്ഷേ, വിലാസത്തിലുള്ളയാള്‍ക്ക് നിരവധി കത്തുകള്‍ വരാറുണ്ടെന്നും എന്നാല്‍ അയാളെപ്പറ്റി വിവരമൊന്നുമില്ലെന്നും പോസ്റ്റ് ഓഫിസില്‍നിന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വീട്ടുകാർക്കും അന്വേഷിക്കാൻ കഴിഞ്ഞില്ല. പാസ്പോർട്ടോ മറ്റു ഒരുതരത്തിലുള്ള രേഖകളോ കൈയിലില്ലാതിരുന്നതിനാല്‍ പോള്‍ സേവ്യറിന് തിരിച്ചുപോകാനും കഴിയുമായിരുന്നില്ല.2011ല്‍ സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് ആശുപത്രിയിലായ സേവ്യറിന്റെ ഓർമ നഷ്ടപ്പെട്ടു. കഴിഞ്ഞ 13 വർഷങ്ങളായി അദ്ദേഹം മുഹറഖ് ജെറിയാട്രി ആശുപത്രിയില്‍ ഈ നിലയില്‍ ചികിത്സയിലായിരുന്നു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പോള്‍ സേവ്യറിന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.