നിയമപരമായ ലൈസൻസോ അനുമതിപത്രമോ ഇല്ലാത്ത നാടൻ തോക്കുനിർമാണ സാമഗ്രികളുമായി ഒരാളെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതലവഹിക്കുന്ന ജെഫി ജോർജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. തണ്ണിത്തോട് മനീഷ് ഭവൻ വീട്ടിൽ മോഹനൻ (56) ആണ് അറസ്റ്റിലായത്. ഒക്ടോബർ 16 ന് വൈകിട്ടാണ് ഗുരുനാഥൻ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തൂമ്പാക്കുളം ഭാഗത്ത് റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡ്ഡിനോട് ചേർന്നുള്ള ആലയിൽ നാടൻ തോക്കുനിർമാണ സാമഗ്രികൾ കണ്ടെത്തിയത്.
തടിയിൽ തീർത്ത ബട്ടുകൾ, ഇരുമ്പിൽ നിർമ്മിച്ച ലോഹക്കുഴലുകൾ, തിര നിറക്കുന്നതിനുള്ള ഇരുമ്പ് കമ്പി, തോക്ക് നിർമ്മിക്കുന്നതിനുള്ള ഇരുമ്പ് കമ്പികൾ, കുറ്റിയിൽ നിറച്ച വെടിമരുന്ന്, ലോഹകഷ്ണങ്ങൾ, ഈയഉണ്ടകൾ എന്നിവയാണ് അനധികൃതമായി സൂക്ഷിച്ചുവച്ചിരുന്നത്. ജെഫി ജോർജിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ ഇത്തരം സാമഗ്രികളുമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ എത്തി റിപ്പോർട്ട് നൽകി. തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം, ശാസ്ത്രീയ അന്വേഷണ സംഘവും, പോലീസ് ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. വെടിമരുന്ന് നിർവീര്യമാക്കുന്നതിന് കോടതിക്ക് അപേക്ഷ നൽകി തുടർന്ന്, പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്‌ക്വാഡ് ഇവ നിർവീര്യമാക്കിയിരുന്നു. പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തണ്ണിത്തോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ ശിവകുമാറാണ് പ്രാഥമിക അന്വേഷണങ്ങൾ നടത്തിയത്.
തുടർന്ന് പോലീസ് ഇൻസ്പെക്ടർ വി കെ വിജയരാഘവന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി, പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി. പ്രതി, ഭാര്യവീടായ കുഞ്ഞനാംകുഴിയിൽ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച സന്ധ്യയോടെ പിടികൂടി. വീട്ടിലേക്ക് പോകുന്ന വഴിയിൽ ഇയാളെ സംശയകരമായ നിലയിൽ പതുങ്ങി നിൽക്കുന്നതുകണ്ടു ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് തുടർന്ന് രേഖപ്പെടുത്തി.
നാടൻ തോക്ക് നിർമ്മാണത്തിനുള്ള സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചുവച്ചതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാൾ മുമ്പും തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇത്തരത്തിലുള്ള മൂന്ന് കേസുകളിൽ പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Home തോക്കുനിർമാണ സാമഗ്രികളുമായി ഒരാളെ തണ്ണിത്തോട് പോലീസ് പിടികൂടി