Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കാണാതായ കൗമാരക്കാരിയെ ഇരുപതുകാരനൊപ്പം കണ്ടെത്തിയ സംഭവം : തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ

കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും പന്തളം പോലീസ് കണ്ടെത്തിയ സംഭവം ,തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. വെണ്മണി സ്വദേശി തൊട്ടലിൽ വീട്ടിൽ ശരൺ ( 20) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പന്തളം സ്വദേശിനിയായ 17 കാരിയെ ഈമാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വശീകരിച്ച് ഇയാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ നമ്പരിന്റെ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.
പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും ,പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള മുളമ്പള്ളി വയൽ പ്രദേശത്തെ കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. ഇവിടെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചു തയാറാക്കി. ഇവിടേയ്ക്കാണ് ഇയാൾ കുട്ടിയുമായി എത്തിയത് .വളരെ നാടകീയമായിരുന്നു ഇരുപതുകാരന്റെ പ്രവൃത്തികൾ.കുട്ടിയെ കാട്ടിൽ എത്തിച്ചശേഷം പോലീസിൻറെ ശ്രദ്ധ തിരിക്കാനായി വെട്ടിയാർ വഴി മാങ്കാംകുഴിയിലേക്ക് മെയിൻ റോഡിൽ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും, തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്. കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും, രാവിലെ പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ബ്രഡ് അടക്കമുള്ള ഭക്ഷണസാധനങ്ങൾ കഴിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി അവിടെ കഴിയുകയായിരുന്നു. ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ സുഹൃത്തിന്റെ സഹായത്തോടെ എത്തിച്ചിരുന്നു. ഇടയ്ക്ക് രക്ഷപ്പെടാൻ പണത്തിനായി സുഹൃത്തിൻറെ വീട്ടിലേക്ക് ഒളിച്ചെ
ത്തിയെങ്കിലും, പോലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചൻകോവിലാറ്റിൻ്റെതീരത്ത് കാട് വളർന്നുനിൽക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു. പോലീസ് കാട്ടിനുള്ളിൽ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ഛൻകോവിലാറ്റിൽ വീഴുകയും ചെയ്തു. അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളിൽ കയറി പതുങ്ങിയിരുന്നു. പോലീസിൻ്റെ ശ്രദ്ധ തിരിച്ച ശേഷം വീണ്ടും ഇയാൾ കാട്ടിലേക്ക് രക്ഷപ്പെട്ടു.
അന്വേഷണത്തിനിടെ, ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറിലധികം പേരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വച്ച് ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ പൊലീസിനെ ഭയന്ന് ഉപേക്ഷിച്ചു. ഇയാൾ ഒരാഴ്ച്ചയോളം കാട്ടിനുള്ളിൽ കുട്ടിയെ പീഡനത്തിന് വിധേയനാക്കി കഴിഞ്ഞു കൂടുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുവട്ടം പോലീസിന്റെ വലയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ ലോഡ്ജുകൾ ഹോം സ്റ്റേകൾ, സ്ത്രീകൾ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായവും ലഭ്യമാക്കി.
യുവാവിനെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും പന്തളം എസ് എച്ച് ഒ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലും എസ്ഐ വിനോദ്കുമാർ, എ എസ്ഐമാരായ ഷൈൻ , സിറോഷ്, പോലീസുദ്യോഗസ്ഥരായ അനീഷ്, അനുപ, അമീഷ്, അൻവർഷ , അർച്ചിത്, വിപീഷ്, അഖിൽ, അമൽ ഹനീഫ് എന്നിവരടങ്ങിയ 12 അംഗ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പലവഴിക്ക് പിരിഞ്ഞു അന്വേഷണം വ്യാപിക്കുകയും ചെയ്തു.
കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം , പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താൻ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. തുടർന്ന്, ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയതിൽ, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവാകുകയും വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, കൊട്ടാരക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സുഹൃത്തുക്കൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങളും വിശദമായി അന്വേഷിക്കുകയാണ് പന്തളം പോലീസ്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement