പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം പ്രവർത്തിച്ചുവന്ന തട്ടുകടയിൽ ആക്രമണം നടത്തി ഉടമയെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെ ഇന്നലെ പിടികൂടി. ഇലവുംതിട്ട നെടിയകാല, കോട്ടപ്പാറ തടത്തിൽ വീട്ടിൽ ഉണ്ണി എന്ന എസ് കെ അഭിഷിക് (21ആണ് പോലീസിന്റെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ കുടുങ്ങിയത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് മെഴുവേലി മീൻ ചിറക്കൽ വാലുകാട് വീട്ടിലാണ്. കേസിൽ പത്താം പ്രതിയാണ് ഇയാൾ.
30 ന് രാത്രി പതിനൊന്നോടെയാണ് 12 ഓളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ പണം കൊടുക്കാത്തത് ചോദ്യം ചെയ്തതിനെതുടർന്നുള്ള സംഘർഷത്തിൽ ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
കട നടത്തുന്ന മങ്ങാരം പാലത്തടം താഴെയിൽ വീട്ടിൽ ശ്രീകാന്ത് എസ് നായർക്ക് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി, തലയിൽ 21 തുന്നലുകൾ ഇടേണ്ടി വന്നു. രണ്ടു ജീവനക്കാർക്കും പരിക്കേറ്റു. ആക്രമണം നടത്തിയ സംഘത്തിലെ അഞ്ച് പേരെ ഉടനടി പന്തളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരെകൂടി പിടികൂടി. ഒളിത്താവളങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു ഇപ്പോൾ പിടിയിലായ അഭിഷിക്. മെഴുവേലി വാലുകാടുള്ള ഒളിയിടത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
സുഹൃത്തുക്കൾ ഇയാൾക്ക് മദ്യവും ഭക്ഷണവും മറ്റും ഇവിടെ എത്തിച്ചു കൊടുക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാൾ വല്ലപ്പോഴും ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ലഭ്യമാകുന്ന സാഹചര്യം ഇല്ലായിരുന്നു. സാഹസികമായ നീക്കങ്ങളിലൂടെയാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പന്തളം പോലീസ് ഇൻസ്പെക്ടർ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിശദമായ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.