കുടുംബപ്രശ്നങ്ങൾ കാരണമുണ്ടായ വിരോധത്താൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോയിപ്രം പോലീസ് വിദഗ്ദ്ധമായി കുടുക്കി. അയിരൂർ വെള്ളിയറ തീയാടിക്കൽ കടമാൻകുഴി കോളനിയിൽ മുത്തു എന്ന് വിളിക്കുന്ന രാജീവ് (49)ആണ് നിരന്തരനിരീക്ഷണത്തിനൊടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഇന്നുരാവിലെ ആറരയോടെ തിരുവല്ല ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പോലീസ് സംഘം, കണ്ണൂരിൽ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രാമദ്ധ്യേ പ്രതിയെ പിടികൂടുകയായിരുന്നു.
2016 മുതൽ ലോങ്ങ് പെന്റിങ് വിഭാഗത്തിൽ ഉൾപ്പെട്ട കേസിൽ കഴിഞ്ഞ കുറെ മാസങ്ങളായി പ്രതി കോയിപ്രം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, പ്രത്യേകസംഘം ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
സംഭവം 2010 നവംബർ ഒന്നിന്, പ്രതി ഉടനടി പോലീസ് വലയിൽ
ഭാര്യ സിന്ധുവും രണ്ട് കുട്ടികളുമൊത്ത് താമസിച്ചുവന്ന വീട്ടില്‍ വച്ച് 2010 നവംബർ ഒന്നിനാണ് ഇയാൾ യുവതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിൽ കഴിയവേ സിന്ധു മരണപ്പെട്ടു. മൂന്നാം തിയതി പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവന്ന ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. തുടർന്ന് കോടതിയിൽ ഹാജരാകാതെ മുങ്ങി. തുടർന്ന് കോടതി പ്രതിക്കെതിരെ എൽ പി വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. നാടുവിട്ട ഇയാൾ പലസ്ഥലങ്ങളിൽ ഹോട്ടലുകളിലും കാന്റീനുകളിലും പല ജോലികൾ ചെയ്ത് ഒളിവിൽ താമസിക്കുകയായിരുന്നു.
രാജേഷ് എന്ന് പേരുമാറ്റി പല സ്ഥലങ്ങളിൽ താമസം
ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി കണ്ണൂർ എറണാകുളം ജില്ലകളിലെ പല സ്ഥലങ്ങളിലും പിന്നീട് ബംഗളുരുവിലും ഹോട്ടലുകളിലും കാന്റീനുകളിലും സഹായിയായി കഴിഞ്ഞു. രാജേഷ് എന്ന് പേരുമാറ്റി തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ ഇയാൾ കൊട്ടാരക്കരയിൽ ഒരു സ്ത്രീക്കൊപ്പം താമസമാക്കി. രാജേഷ് കൊട്ടാരക്കര എന്ന പേരിൽ ഫേസ്ബുക് ഐ ഡി സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിൽ സജീവമായി.
ബംഗളുരുവിലുണ്ടെന്നറിഞ്ഞു ‘കോയിപ്രം സ്ക്വാഡ് ‘ അങ്ങോട്ടേക്ക്
ബാംഗ്ലൂരിൽ ഹോട്ടൽ ജോലി ചെയ്തു താമസിച്ചവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ആറുമാസം മുമ്പ് കോയിപ്രം പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് ബാംഗ്ലൂരിൽ പോയിരുന്നു. പക്ഷെ, ഇയാൾ പിടിയിലാവാതെ രക്ഷപ്പെട്ടു. അന്നുമുതൽ ഇയാൾ കോയിപ്രം സ്ക്വാഡിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിലെ ഒളിയിടം പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി, കണ്ണൂരിലേക്ക് കടക്കുകയും, അവിടെ ഒരു ഹോട്ടലിൽ ജോലിക്ക് കയറുകയും ചെയ്തു. ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച പോലീസിന്, കൊട്ടാരക്കരയിലുള്ള വിട്ടിലേക്ക് ഇയാൾ വരുന്നതായി വിവരം ലഭിച്ചു. യാത്രയ്ക്കിടെയാണ് ഇന്ന് രാവിലെ തിരുവല്ല ബസ് സ്റ്റാൻഡിൽ വച്ച് ബസിനുള്ളിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ഒരു വർഷത്തെ കഠിനാധ്വാനഫലം ഈ അറസ്റ്റ്
നാട്ടിൽ ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നു രാജിവിന്. ഏകദേശം ഒരു വർഷം മുമ്പുവരെ പ്രതിയുടെ ലൊക്കേഷനെപ്പറ്റി പോലീസിന് കൃത്യമായ വിവരമേയില്ലായിരുന്നു. എന്നാൽ ബംഗളുരുവിലെ ഇയാളുടെ സാന്നിധ്യം അറിയുന്നതിന് മുമ്പുമുതൽ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭ്യമായിരുന്നു. പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം സ്ക്വാഡിലെ അംഗങ്ങൾ തെരഞ്ഞുനടന്നു. സ്ത്രീകളുമായുള്ള അടുപ്പത്തിന്റെ സൂചനയും ലഭിച്ചിരുന്നു.കൊട്ടാരക്കരയിൽ ലിവിങ് ടുഗെതർ എന്ന വിധത്തിലാണ് സ്ത്രീക്കൊപ്പം താമസം. കണ്ണൂരുനിന്നും അങ്ങോട്ടേക്കുള്ള യാത്ര സംബന്ധിച്ച രഹസ്യവിവരം കിട്ടിയ കോയിപ്രം സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥർ തിരുവല്ല കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ കാത്തുനിന്നത് അറിയാതെ രാജീവ് പോലീസ് വിരിച്ച വലയിൽ ഒടുവിൽ കുടുങ്ങുകയായിരുന്നു.
കോയിപ്രം സ്ക്വാഡിൽ ഇവർ
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പോലീസ് ഇൻസ്പെക്ടർ ജി .സുരേഷ് കുമാർ , എ എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിൻ ജോൺ , സി പി ഓമാരായ രതീഷ് , അനു ആന്റപ്പൻ എന്നിവരടങ്ങിയ കോയിപ്രം സ്ക്വാഡ് ആണ് 14 കൊല്ലമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ശ്രമകരമായ ദൗത്യത്തിൽ കണ്ടെത്തി പിടികൂടിയത്. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സ്ക്വാഡിന്റെ നീക്കങ്ങൾ വിജയത്തിലെത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.