പത്തനംതിട്ടയിലെ സൂപ്പർ മാർക്കറ്റിൽ കയറി, കടക്കുള്ളിൽ നിന്നും നോക്കിയ കമ്പനി നിർമിത മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൾഡ ജില്ലയിൽ രാജ്പൂർ വില്ലേജിൽ മഹാരാജ്പൂർ രത്ന ബ്ലോക്കിൽ ഷംസുദീന്റെ മകൻ സാദേക് അലി (28) ആണ് പിടിയിലായത്. ചൊവ്വ രാത്രി 9.45 ന് അബാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന, പത്തനംതിട്ട തടത്തിൽ പറമ്പിൽ വീട്ടിൽ ആസിഫിന്റെ ഉടമസ്ഥതയിലുള്ള മറിയം സൂപ്പർ മാർക്കറ്റിനുള്ളിൽ കയറി പ്രതി, ആസിഫിന്റെ ഫോൺ മോഷ്ടിക്കുകയായിരുന്നു.
ബുധനാഴ്ച്ച സ്റ്റേഷനിൽ പരാതി ലഭിച്ചതിനെതുടർന്ന് ആസിഫിന്റെ മൊഴിപ്രകാരം പോലീസ് കേസെടുത്ത് എസ് ഐ ജെ യു ജിനുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെ കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിന്റെ പരിസരത്ത് നടന്ന് മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ സംശയം തോന്നി തടഞ്ഞുവച്ചിരുന്നു. തുടർന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. പോലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണുകളെപ്പറ്റി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകിയില്ല. വിശദമായ ചോദ്യം ചെയ്യലിൽ, ഇവ മോഷ്ടിച്ചതാണെന്ന് യുവാവ് സമ്മതിച്ചു. നോക്കിയ, സാംസങ്, ആൻഡ്രോയ്ഡ് എന്നിങ്ങനെ മൂന്നു ഫോണുകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.
ആസിഫിനെ പോലീസ് വിളിച്ചുവരുത്തി ഐ എം ഇ ഐ നമ്പറിന്റെ അടിസ്ഥാനത്തിൽ ഫോൺ തിരിച്ചറിയുകയും, യുവാവ് പ്രതിയെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Home കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ