പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും, മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റുമായ എം.ജി. കണ്ണന്‍ (40) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് പരുമലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് മരണം സ്ഥിരീകരിച്ചത്. പനി ബാധിച്ച് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കണ്ണനെ ഇന്നലെ വൈകിട്ടാണ് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്‌കാരം ബുധനാഴ്ച നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന കണ്ണന്‍ ചെന്നീര്‍ക്കര പഞ്ചായത്തംഗവും രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിൽ മത്സരിച്ച കണ്ണന്‍ എതിര്‍ സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് കനത്ത് വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുകയും ചെയ്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലായിരുന്നു കണ്ണന്‍. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്്, പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.