വീട്ടിൽ അതിക്രമിച്ചകയറി ദമ്പതികൾക്കുമേൽ പെട്രോൾ ഒഴിക്കുകയും ഹെൽമെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ പത്തായപ്പാറ വീട്ടിൽ പി വി മണി (50) ആണ് പിടിയിലായത്. കഴിഞ്ഞമാസം 20ന് രാത്രി 8.45 നാണ് കൊല്ലമുള ചാത്തൻതറ കാഞ്ഞിരപ്പാറ വീട്ടിൽ ബിജിൻ കെ ബിജുവിന്റെ വീട്ടിൽ അതിക്രമിച്ചകയറി പ്രതി ഇപ്രകാരം ചെയ്തത്. മുമ്പ് വീട്ടിൽ കയറി അതിക്രമം കാട്ടിയത് ചോദ്യം ചെയ്തതിന്റെ വിരോധം കാരണമാണ് ഇയാൾ പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിൽ കടന്ന് ബിജിന്റെയും ഭാര്യയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ചത്. ഹെൽമറ്റ് ധരിച്ച് എത്തിയ ഇയാൾ ഇരുവരുടേയും ദേഹത്ത് പെട്രോൾ വീശി ഒഴിച്ചശേഷം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഹെൽമറ്റ് കൊണ്ട് ബിജിന്റെ വലതു കൈക്ക് അടിച്ചു. അസ്ഥിക്ക് പൊട്ടലുണ്ടായി.
പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ച് അമർത്തിയത് കാരണം നഖം കൊണ്ട് മുറിവേറ്റു. പിടിച്ചുമാറ്റാൻ ശ്രമിച്ച ഭാര്യയുടെ കയ്യിൽ കയറി പിടിച്ച് ഇടതുകൈയിൽ കടിക്കുകയും ചെയ്തു. പിറ്റേന്ന് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവാവിന്റെ മൊഴി എ എസ് ഐ മനോജ് കുമാർ രേഖപ്പെടുത്തി. എസ് ഐ വി പി സുഭാഷ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി നടത്തിയ തെരച്ചിലിൽ ഇയാളെ ഇന്ന് നെടുകുന്നത്തു നിന്നും പിടികൂടുകയായിരുന്നു.
വൈദ്യപരിശോധന നടത്തി, തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിഞ്ഞശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വൈകിട്ട് 5.35 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ് ഐ പി വി സുഭാഷ്, എ എസ് ഐ മനോജ്, സി പി ഓമാരായ ശ്രീകാന്ത് , അശ്വതിഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Home വീട്ടിൽ അതിക്രമിച്ചകയറി ദമ്പതികൾക്ക്മേൽ പെട്രോൾ ഒഴിക്കുകയും ഹെൽമെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ