കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ടു
(2025 മെയ് 9) 4 മണിക്ക് കലഞ്ഞുർ സ്കൂൾ മൈതാനിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. ചടങ്ങിൽ
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.
പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു.
കലഞ്ഞൂർ പഞ്ചായത്തിന്റെ സമസ്ത മേഖലയിലും സമ്പൂർണ്ണ വികസനം എത്തിക്കുന്നതിന് വേണ്ടി പിണറായി വിജയൻ സർക്കാരിന്റെ സഹായത്താൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വിവിധ മേഖലകളിലായി പൂർത്തീകരിച്ചിട്ടുള്ളതും തുടക്കം കുറിക്കുന്നതുമായ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവുമാണ് ധനകാര്യ മന്ത്രി നിർവഹിക്കുന്നത്.
മൂന്ന് കോടി രൂപ അനുവദിച്ച് കലഞ്ഞൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ്, 4.84 കോടി രൂപ അനുവദിച്ച ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഉദയ ജംഗ്ഷൻ മലനട റോഡ്, രണ്ടു കോടി രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക്, 50 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന കലഞ്ഞൂർ സ്കൂൾ ആധുനിക സയൻസ് ലാബ്, 20 ലക്ഷം രൂപ അനുവദിച്ച് കലഞ്ഞൂർ ഗവ.എൽപിഎസിന് ക്ലാസ് മുറികൾ, എംഎൽഎ ഫണ്ടിൽ നിന്നും
45 ലക്ഷം രൂപ
അനുവദിച്ച് പുനലൂർ മൂവാറ്റുപുഴ റോഡിന് കുറുകെ നിർമ്മിക്കുന്ന കലഞ്ഞൂർ സ്കൂൾ കാൽനട മേൽപ്പാലം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ സ്കൂൾ ബസ് കൈമാറ്റം, 25 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന മൂഴി- അമ്പോലിൽ- പുതുവൽ റോഡ്, 30 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന കൊല്ലൻമുക്ക് – പറയൻകോട്- മാമൂട് റോഡ്,
5.25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ഇലവന്താനംപടി- അർത്ഥനാൽ പടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും 40 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച കീച്ചേരി പാലത്തിന്റെ ഉദ്ഘാടനവുമാണ് ധനകാര്യ വകുപ്പ് മന്ത്രി നിർവഹിക്കുന്നത്.
വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കും.
വൈകുന്നേരം 6 മണി മുതൽ പാലാ ഫോർ യു ഇവന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകും.